ഹിന്ദുമുന്നണിയുടെ മുരുക ഭക്ത സമ്മേളനത്തെച്ചൊല്ലി തമിഴ്നാട്ടിൽ വിവാദം; സംഘി പരിപാടിയെന്ന് ഡിഎംകെ
എന്നാൽ ഭക്തിയുടെ ആഘോഷമെന്നാണ് ബിജെപിയുടെ ന്യായീകരണം
ചെന്നൈ: ഹിന്ദുമുന്നണിയുടെ നേതൃത്വത്തിൽ ജൂൺ 22ന് മധുരയിൽ നടക്കാൻ പോകുന്ന മുരുക ഭക്തരുടെ സമ്മേളനത്തെച്ചൊല്ലി വിവാദം. പരിപാടിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഡിഎംകെ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഭക്തിയുടെ ആഘോഷമെന്നാണ് ബിജെപിയുടെ ന്യായീകരണം.
ഞായറാഴ്ച മധുരയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ ഭക്തർ സമ്മേളനത്തിൽ വലിയ തോതിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു. മുരുകന്‍റെ ആറ് പുണ്യസ്ഥലങ്ങളിൽ (പടൈ വീട്) ഒന്നായ തിരുപ്പരൻകുണ്ഡ്രം കുന്നിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി ബന്ധപ്പെടുത്തി, മതവികാരങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ഡിഎംകെയെ വിമർശിച്ചു.
"നമ്മുടെ മധുരയ്ക്ക് 3000 വർഷം പഴക്കമുള്ള പുരാതന ചരിത്രമുണ്ട്. ഞാൻ ഇവിടെ വന്നിട്ടുണ്ട്. മുരുകനുമായി ബന്ധപ്പെട്ട തിരുപ്പരൻകുണ്ഡ്രം കുന്നിനെ സിക്കന്ദർ കുന്ന് എന്ന് വിളിക്കാൻ ഡിഎംകെ ധൈര്യപ്പെട്ടു. വർഷങ്ങളായി മുരുകൻ ഭക്തർ ഇവിടെ പ്രാർത്ഥിച്ചുവരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുരുകൻ ഭക്തരുടെ സമ്മേളനത്തിൽ വൻതോതിൽ പങ്കെടുത്ത് ഭക്തരുടെ ശക്തി കാണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," എന്നായിരുന്നു ഷായുടെ ആഹ്വാനം.
ജനുവരി 22 ന് തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സിക്കന്ദർ ബാദുഷ ദർഗയിലേക്ക് മുസ്‍ലിം സമുദായത്തിലെ അംഗങ്ങൾ ആടുകളെയും കോഴികളെയും കൊണ്ടുപോകുന്നത് പൊലീസ് തടഞ്ഞതോടെയാണ് തിരുപ്പരൻകുണ്ഡ്രം കുന്നിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. ദർഗയ്ക്ക് സമീപമാണ് മുരുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മുരുക ഭക്ത സമ്മേളനം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ഡിഎംകെ മന്ത്രി പി.കെ ശേഖർ ബാബു പറഞ്ഞു. "ഇതൊരു കൃത്യമായ സംഘി, രാഷ്ട്രീയ സമ്മേളനമാണ്. 27 രാജ്യങ്ങളിൽ നിന്നുള്ള മുരുക ഭക്തർ പങ്കെടുത്ത സമ്മേളനം ഞങ്ങൾ നടത്തി. ആൾക്കൂട്ടത്തെ കൊണ്ടുവരിക, പണപ്പിരിവ് നടത്തുക, 2000 ബസുകൾ ക്രമീകരിക്കുക എന്നൊന്നും ഞങ്ങൾ പദ്ധതിയിട്ടിരുന്നില്ല, എന്നിട്ടും അപ്പോഴും 7 മുതൽ 8 ലക്ഷം വരെ ആളുകൾ പങ്കെടുത്തു. പക്ഷേ, മതത്തിന്‍റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അവർ ഈ സമ്മേളനം ആസൂത്രണം ചെയ്തത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മതപരമായ പ്രചാരണത്തെ ഡിഎംകെ ഭയപ്പെടുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദര്‍രാജൻ ആരോപിച്ചു.“ശേഖർ ബാബുവിനെപ്പോലുള്ളവർ ഞങ്ങളുടെ ഭക്തി നിറഞ്ഞ മുരുകൻ സമ്മേളനത്തെ ഭയത്തോടെയാണ് കാണുന്നത്. രാഷ്ട്രീയ സമ്മേളനമായാലും മതസമ്മേളനമായാലും, ജനങ്ങൾക്ക് നന്മ ചെയ്യുക, ഭക്തി അഭിവൃദ്ധിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം.മുരുകനിൽ വിശ്വാസമില്ലാത്ത നിങ്ങൾ എന്തിനാണ് മുരുകൻ സമ്മേളനം നടത്തിയത്? ഇത് ആളുകളുടെ മനസ്സിൽ സംശയം ജനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്," അവര്‍ ആരോപിച്ചു.
ഡിഎംകെ എംപി എ രാജയും സമ്മേളനത്തിനെതിരെ രംഗത്തെത്തി. “ജൂൺ 22 ന് അവർ മുരുകൻ സമ്മേളനം നടത്തുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കുന്നതിനുമാണ്. ഹിന്ദുക്കളെ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ തിരിക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ സമ്മേളനം ഹിന്ദുക്കളെ ഒന്നിപ്പിക്കാനോ മുരുകനു വേണ്ടിയോ അല്ല.മധുരയിലെ ജനങ്ങൾ ഇത് നിരസിക്കും. തമിഴ്‌നാട്ടിലെ സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ അമിത് ഷാ ശ്രമിച്ചു. ഇത്തരം പ്രസ്താവനകൾ തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ല, ”അദ്ദേഹം പറഞ്ഞു.
അതേസമയം 'മുരുക ഭക്തർഗലിൻ ആൻമീഗ മാനാട്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥിയാകുമെന്നാണ് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.