ദുരൂഹത ഒഴിയാതെ അദാനിയുടെ പോര്‍ട്ടിലെ ഹെറോയിന്‍ വേട്ട; ഗുജറാത്ത് എങ്ങനെ മയക്കുമരുന്ന് മാഫിയയുടെ ഇഷ്ട കവാടമായെന്ന് കോണ്‍ഗ്രസ്

മയക്കുമരുന്ന് പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ അദാനി അഭിനന്ദിച്ചു

Update: 2021-09-22 09:17 GMT
Advertising

അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് ചെയ്യുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

മയക്കുമരുന്ന് കടത്തിനെ കുറിച്ച് ഭയം വിതയ്ക്കുന്ന തരത്തിലുള്ള പ്രചാരണം സംഘപരിവാര്‍ നടത്തുന്നുണ്ട്. പക്ഷേ ബിജെപി വര്‍ഷങ്ങളായി അധികാരത്തിലിരിക്കുന്ന ഗുജറാത്ത് വഴി ഇത്രയധികം മയക്കുമരുന്ന് എങ്ങനെ ഇന്ത്യയിലെത്തി എന്ന ചോദ്യത്തിന് ഉത്തരമില്ല. എന്തുകൊണ്ടാണ് ഗുജറാത്ത് മയക്കുമരുന്ന് കടത്തുകാര്‍ക്ക് ഇന്ത്യയിലേക്കുള്ള ഏറ്റവും പ്രിയപ്പെട്ട കവാടമായി മാറിയതെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. മുഴുവൻ സമയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവിയുടെ തസ്തിക 18 മാസമായി ഒഴിഞ്ഞുകിടക്കുകയാണെന്ന് കോൺഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മയക്കുമരുന്ന് കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍‌ സംബന്ധിച്ച് ഗുജറാത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇത്രയും ഭീമമായ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് സർക്കാരുമായി സൗഹൃദത്തിലുള്ള മാധ്യമങ്ങളുടെ നിശബ്ദത ചര്‍ച്ചയായി. ശിവസേന എംപി പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തതിങ്ങനെ- 'വാട്ട്‌സ്ആപ്പ് ചാറ്റിൽ കണ്ടെത്തിയ 59 ഗ്രാം കഞ്ചാവ് ചാനല്‍ ആങ്കർമാരുടെ ഹൃദയം സ്തംഭിപ്പിച്ചുകളഞ്ഞു. പക്ഷേ ഇപ്പോള്‍ കണ്ടെത്തിയ 3000 കിലോഗ്രാം ഹെറോയിന്‍ അവരില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.'

മയക്കുമരുന്ന് പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ അദാനി അഭിനന്ദിച്ചു. രാജ്യത്തെ ഒരു തുറമുഖ ഓപ്പറേറ്റർക്കും കണ്ടെയ്നർ പരിശോധിക്കാൻ കഴിയില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. "അദാനി ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ദുരുദ്ദേശപരമായ വ്യാജ പ്രചാരണങ്ങൾക്ക് ഈ പ്രസ്താവന വിരാമമിടുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. കണ്ടെയ്നറുകളുടെ മേൽ ഞങ്ങൾക്ക് അധികാരമില്ല"

ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞതിങ്ങനെ- "പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ നിന്നാണ്, ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിൽ നിന്നാണ്. എങ്ങനെയാണ് ഗുജറാത്ത് തീരം മയക്കുമരുന്ന് കടത്തുകാരുടെ ഏറ്റവും പ്രിയപ്പെട്ട വഴിയായത്? കണ്ടെയ്നറുകള്‍ ആന്ധ്രയിലേക്കായിരുന്നു. ആന്ധ്രയ്ക്ക് തുറമുഖങ്ങളുണ്ട്. ഇന്ത്യയ്ക്ക് വലിയ തീരപ്രദേശമുണ്ട്. എന്തുകൊണ്ടാണ് പിന്നെ ഗുജറാത്തിലേക്ക് അയച്ചത്? നേരത്തെ വിവരം ലഭിച്ച് ഏകോപനത്തോടെ വന്നല്ല ഡിആര്‍ഐ മയക്കുമരുന്ന് പിടികൂടിയത്. ഡിആർഐയുടെ പതിവ് പരിശോധന മാത്രമായിരുന്നു. ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണോ? ഇത് പിടിക്കപ്പെടുന്നതിന് മുമ്പ് മയക്കുമരുന്ന് കണ്ടെയ്നറുകള്‍ കടന്നുപോയോ? ഗുജറാത്തിൽ പതിവായി മയക്കുമരുന്ന് പിടിച്ചെടുത്തിട്ടും നിരീക്ഷണം ശക്തമാക്കാത്തത് എന്തുകൊണ്ടാണ്?".

2020 ജനുവരിയിൽ 175 കോടി രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് തീരത്ത്  അഞ്ച് പേര്‍ പിടിയിലായി. 2021 ഏപ്രിലിൽ ഗുജറാത്ത് തീരത്ത് 150 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയ കാര്യവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ 17ന് മൂന്ന് ടണ്‍ ഹെറോയിനും സെപ്തംബര്‍ 18ന് 30 കിലോഗ്രാം ഹെറോയിനും ഗുജറാത്ത് തീരത്തു നിന്ന് പിടികൂടി. ഗുജറാത്ത് വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നാണ് ഉയരുന്ന ചോദ്യം. 

ഏഴ് പേര്‍ അറസ്റ്റില്‍

മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) 2988.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. മയക്കുമരുന്ന് ഡൽഹിയിലേക്ക് കൊണ്ടുപോയി. അഫ്ഗാന്‍ പൗരന്മാർ ഉൾപ്പെടെ ഏഴു പേരാണ് ഇതുവരെ പിടിയിലായത്. ഡൽഹി ആലിപ്പൂരിൽ നിന്നും ഉത്തർപ്രദേശിലെ നോയ്ഡയിൽ നിന്നും കഴിഞ്ഞ ദിവസം 5 പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ രണ്ട് അഫ്ഗാന്‍ പൗരന്മാരെ ഇന്നലെ റവന്യു ഇന്‍റലിജൻസ് പിടികൂടുകയായിരുന്നു. ടാൽക്കം പൗഡറിന്റെ അസംസ്‌കൃത വസ്തുക്കളുമായി കൂട്ടിക്കുഴച്ചാണ് മയക്കുമരുന്ന് എത്തിയത്. പതിനാറാം തീയതി പരിശോധന ആരംഭിച്ചെങ്കിലും ലബോറട്ടറിയിലെ വിദഗ്ധ പരിശോധന പൂർത്തിയായത് പത്തൊൻപതാം തീയതിയാണ്. വിജയവാഡയിൽ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലാണ് കണ്ടയ്നർ എത്തിയത്. കമ്പനി ഉടമകളായ തമിഴ്നാട് മച്ചാവരം സ്വദേശികളായ സുധാകർ, ഭാര്യ വൈശാലി എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരെയും റവന്യു ഇന്റലിജൻസ് കസ്റ്റഡിയിൽ വാങ്ങി. അവരറിയാതെ കണ്ടയ്നറിൽ മയക്കുമരുന്ന് ഒളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 3000 കിലോ മയക്കുമരുന്ന് ആദ്യമായിട്ടാണ് രാജ്യത്ത് ഒറ്റയടിക്ക് പിടികൂടുന്നത്

അഫ്‌ഗാനിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് ഇന്ത്യയിലെത്തിക്കുമ്പോൾ അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ വില ഉയരുമെന്നതിനാൽ കള്ളപ്പണം വെളുപ്പിക്കൽ സംഘം പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നു. ഇക്കാര്യമാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. മയക്കുമരുന്നിനായി പണം മുടക്കിയവരെ അടക്കം കണ്ടെത്താനുള്ള അന്വേഷണമാണ് ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, വിജയവാഡ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്നത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News