എസി ഇനി 20 ഡിഗ്രി സെൽഷ്യസിൽ താഴെ പ്രവർത്തിപ്പിക്കാനാവില്ല; നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

വൈദ്യുത ഉപഭോ​ഗം കുറക്കാൻ ലക്ഷ്യമിട്ടാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

Update: 2025-06-11 13:49 GMT

ന്യൂഡൽഹി: എയർ കണ്ടീഷണറുകളുടെ പ്രവർത്തനത്തിന് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. എസിയുടെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയാക്കാൻ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. പുതിയ നിയന്ത്രണം വീടുകളിൽ മാത്രമല്ല ഹോട്ടലുകളിലെയും കാറുകളിലെയും എസികൾക്കും ബാധകമാകും.

എസികളുടെ താപനില 20 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനുമിടയിൽ പരിമിതപ്പെടുത്തും. അതോടെ എസി ഉപയോഗിച്ച് 20 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പിക്കാനോ 28 സെൽഷ്യസിന് മുകളിൽ ചൂടാക്കാനോ കഴിയില്ല. താപനില ക്രമീകരണങ്ങൾക്ക് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള രാജ്യത്തെ ആദ്യ പരീക്ഷണമാണിതെന്ന് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ മന്ത്രി പറഞ്ഞു.

വേനൽക്കാലത്ത് പല വീടുകളിലും കെട്ടിടങ്ങളിലും എസികൾ 16 ഡിഗ്രി സെൽഷ്യസിൽ വരെ പ്രവർത്തിപ്പിക്കാറുണ്ട്. ഇത് പവർഗ്രിഡിൽ അധിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. എസി താപനിലയിലെ ഒരു ഡിഗ്രി സെൽഷ്യസ് വർധനപോലും ഊർജ ഉപയോഗത്തിൽ ആറു ശതമാനം കുറവ് വരുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് എല്ലാവരും അവരുടെ എസിയുടെ താപനില ഒരു ഡിഗ്രി ഉയർത്തുകയാണെങ്കിൽ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ ഏകദേശം മൂന്ന് ഗിഗാവാട്ട് വൈദ്യുതി ലാഭിക്കാൻ കഴിയും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News