'അപകടകരമായ മാനസികാവസ്ഥ'; തമിഴ്‌നാട് ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം മാറ്റിയതിനെതിരെ നിർമല സീതാരാമൻ

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഇത്തവണ രൂപയുടെ ചിഹ്നം ഒഴിവാക്കിയത്.

Update: 2025-03-14 04:01 GMT

ന്യൂഡൽഹി: തമിഴ്‌നാട് ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ്‌നാട് സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇതെന്നും അപകടരമായ മാനസികാവസ്ഥയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭാഷാപരവും പ്രാദേശികവുമായ വർഗീയതയുടെ അനുകരിക്കാൻ പാടില്ലാത്ത ഉദാഹരണമാണ് ഇതെന്നും അവർ പറഞ്ഞു.

2010ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് ഡിഎംകെ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് രൂപയുടെ ചിഹ്നം അംഗീകരിച്ചത്. ഡിഎംകെക്ക് രൂപയുടെ ചിഹ്നത്തിൽ പ്രശ്‌നമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് അന്ന് എതിർക്കാതിരുന്നതെന്ന് നിർമല സീതാരാമൻ ചോദിച്ചു. മുൻ ഡിഎംകെ എംഎൽഎ എൻ. ധർമലിംഗത്തിന്റെ മകൻ ടി.ഡി ഉദയകുമാറാണ് ഈ ചിഹ്നം രൂപകൽപന ചെയ്തത് എന്നതാണ് വിരോധാഭാസമെന്നും മന്ത്രി എക്സിൽ കുറിച്ചു. ഇപ്പോൾ അത് നീക്കം ചെയ്യുന്നതിലൂടെ ഡിഎംകെ ഒരു ദേശീയ ചിഹ്നത്തെ നിരസിക്കുക മാത്രമല്ല ഒരു തമിഴ് യുവാവിന്റെ സൃഷ്ടിപരമായ സംഭാവനയെ പൂർണമായും അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

Advertising
Advertising

Full View

ദേവനാഗരി ലിപിയും ലാറ്റിനും ചേർന്ന ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്‌നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന 'രൂ' എന്ന അക്ഷരമാണ് ബജറ്റ് ലോഗോയിൽ ചേർത്തിരിക്കുന്നത്.

മുൻവർഷങ്ങളിൽ രൂപയുടെ ഔദ്യോഗിക ചിഹ്നമായിരുന്നു തമിഴ്‌നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഇത്തവണ രൂപയുടെ ചിഹ്നം ഒഴിവാക്കിയത്. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ എക്‌സിൽ പങ്കുവെച്ചിരുന്നു. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോഗോയിലും രൂപയുടെ ചിഹ്നമില്ല. ഇന്നാണ് തമിഴ്‌നാട് നിയമസഭയിൽ ബജറ്റ് അവതരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News