Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുംബൈ: അംബാനി കുടുംബത്തിലെയും ബിസിനസ് സാമ്രാജ്യത്തിലെയും ഒരു പ്രധാന അംഗമാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളാണ് ഇന്ന് നിത അംബാനി. അവരുടെ ഇപ്പോഴത്തെ ഏകദേശ ആസ്തി ₹2,340 കോടി മുതൽ ₹2,510 കോടി വരെയാണെന്ന് കണക്കാക്കപ്പെടുന്നു. 1985ലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുമായി നിത അംബാനി വിവാഹിതയാവുന്നത്.
വിവാഹത്തിന് മുമ്പ് നിത അംബാനി ഒരു നഴ്‌സറി സ്കൂൾ ടീച്ചർ ആയിരുന്നുവെന് എത്രപ്പേർക്കറിയാം? വിവാഹം കഴിക്കുന്നതിന് മുമ്പ് നിത അംബാനി ഒരു നഴ്‌സറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. വിവാഹശേഷവും അവർ വർഷങ്ങളോളം കുട്ടികളെ പഠിപ്പിക്കുന്നത് തുടർന്നു. നിത എന്ത് തീരുമാനമെടുത്താലും മുകേഷ് അംബാനി അവരെ പിന്തുണച്ചു. നഴ്സറി അധ്യാപിക എന്ന നിലയിൽ തന്റെ ആദ്യ ശമ്പളം 800 രൂപ മാത്രമായിരുന്നുവെന്ന് നിത അംബാനി ഒരിക്കൽ സിമി ഗരേവാളിനോപ്പമുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഒരു ലളിതമായ ഗുജറാത്തി കുടുംബത്തിലാണ് നിത വളർന്നത്. പിതാവ് രവീന്ദ്രഭായ് ദലാൽ ബിർള ഗ്രൂപ്പിലെ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്നു. നാർസി മോഞ്ചി കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയ ശേഷം സൺഫ്ലവർ നഴ്സറി സ്കൂളിൽ അധ്യാപികയായിട്ടാണ് നിത തന്റെ അധ്യാപിക യാത്ര ആരംഭിച്ചത്.