നിഥാരി കൂട്ടക്കൊല: അവസാന കേസിലും പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി
2006 ഡിസംബറിലായിരുന്നു നോയിഡയിലെ നിഥാരിയിൽ നിരവധി കുട്ടികളുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്
ന്യൂഡൽഹി: നിഥാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി.13 കൊലക്കേസുകളായിരുന്നു ചുമത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് ബെഞ്ചിന്റേതാണ് ഉത്തരവ്. കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതാണ് വെറുതെവിടാൻ കാരണം. 15 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോലിയുടെ ശിക്ഷ ശരിവച്ച 2011ലെ വിധിക്കെതിരെ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. കോലിക്കെതിരായ പതിമൂന്നാമത്തെ കേസാണിത്. മുമ്പത്തെ 12 കേസുകളിൽ നിന്ന് അദ്ദേഹം ഇതിനകം കുറ്റവിമുക്തനാക്കപ്പെട്ടു.
2006 ഡിസംബറിൽ നോയിഡയിലെ നിഥാരി പ്രദേശത്തെ മോനിന്ദർ സിംഗ് പാന്ഥറിന്റെ വീടിന് പിന്നിലുള്ള അഴുക്കുചാലിൽ നിന്ന് നിരവധി കുട്ടികളുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് നിഥാരി കൊലപാതകങ്ങൾ വെളിച്ചത്തെത്തുന്നത്. പാന്ഥറും അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്കാരനായ കോലിയും അറസ്റ്റിലായി.
അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, കോലിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി ഒന്നിലധികം കേസുകൾ ഫയൽ ചെയ്തു. ഇതിൽ നിന്നെല്ലാം ഇപ്പോൾ കുറ്റ വിമുക്തനായിരിക്കുകയാണ് കോലി. 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെട്ട പതിമൂന്നാമത്തെ കേസിൽ അലഹബാദ് ഹൈക്കോടതി കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.