ജെ.എന്‍.യു ക്യാമ്പസിലെ മുഖം മൂടിസംഘത്തിന്റെ അക്രമം; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍

അക്രമം നടത്തിയത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു. ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന ജെ.എന്‍.യു.വിലെ എ.ബി.വി.പി പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികള്‍ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്.

Update: 2021-08-03 09:22 GMT
Advertising

ജെ.എന്‍.യു ക്യാമ്പസില്‍ മുഖംമൂടി സംഘം വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവത്തില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 2020 ജനുവരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റിനെ അറിയിച്ചു. അന്വേഷണ സംഘം സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. സംശയം തോന്നിയവരെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല-മന്ത്രി പറഞ്ഞു.

2020 ജനുവരി അഞ്ചിനാണ് അമ്പതോളം വരുന്ന മുഖംമൂടി ധാരികള്‍ മാരകായുധങ്ങളുമായി ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ഹോസ്റ്റലുകളിലും ക്ലാസ് മുറികളിലുമെത്തിയ സംഘം മണിക്കൂറുകളോളം ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

അക്രമം നടത്തിയത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു. ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന ജെ.എന്‍.യു.വിലെ എ.ബി.വി.പി പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികള്‍ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അക്ഷത് അവസ്തി, രോഹിത് എന്നിവരാണ് എ.ബി.വി.പി, പുറത്തുനിന്നുമുള്ളവരുടെ സഹായത്തോടെ എങ്ങിനെയാണ് അക്രമം നടത്തിയതെന്ന് വ്യക്തമായി പറയുന്നത്. ഹെല്‍മെറ്റു കൊണ്ട് മുഖം മറച്ച തന്നെ അക്രമ ദിവസം പുറത്ത് വന്ന വീഡിയോയില്‍ അക്ഷത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

മറ്റു കോളേജുകളിലെ എ.ബി.വി.പി ഭാരവാഹികളുടെ സഹായത്തോടെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും പേരെ ഒന്നിച്ചു കൂട്ടിയതെന്ന് അക്ഷത് പറഞ്ഞിരുന്നു. ജെ.എന്‍.യുവിലെ 20 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും മറ്റുള്ളവര്‍ പുറത്തു നിന്നുള്ളവരാണെന്നും ഇവര്‍ പറയുന്നുണ്ട്. മുഖം മറച്ചെത്തിയ നിരവധി അക്രമികളുടെ വിവരങ്ങളും ഇവര്‍ തുറന്നു പറയുന്നുണ്ട്.

അക്രമത്തിന് പൊലീസില്‍ നിന്ന് കൃത്യമായ സഹായം ലഭിച്ചുവെന്നും അക്ഷത് പറഞ്ഞിരുന്നു. ഇടതു പക്ഷക്കാരായ വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കണമെന്ന് ക്യാമ്പസിലുണ്ടായിരുന്ന പൊലീസ് പറഞ്ഞുവെന്നും അക്രമ സമയത്ത് ക്യാമ്പസിലെ തെരുവു വിളക്കുകളെല്ലാം കെടുത്തിയത് പൊലീസ് തന്നെയാണെന്നും അക്ഷത് വെളിപ്പെടുത്തിയിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News