ബിഹാർ വോട്ടർപട്ടിക പരിഷ്‌കരണം; സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയുടെ കരട് രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.

Update: 2025-08-10 05:32 GMT

Photo|Special Arrangement

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പരിശോധനയില്ലാതെ ഒരു വോട്ടറെയും ഒഴിവാക്കില്ല. ആരെ ഒഴിവാക്കിയാലും കൃത്യമായ വിശദീകരണം നൽകും. വോട്ടർ പട്ടികയുടെ കരട് രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.

നേരത്തെ ഇത് സംബന്ധിച്ച ഹരജി പരിഗണിച്ച കോടതി വിശദമായ സത്യവാങ്മൂലം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു സത്യവാങ്മൂലം കൂടി നൽകിയിരിക്കുന്നത്. ആഗസ്റ്റ് ഒന്നിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം പേരെ നീക്കം ചെയ്തിരുന്നു. ഇവരുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് കോടതിയെ സമീപിച്ചത്. എന്നാൽ എൻജിഒ ഉന്നയിച്ച ആവശ്യത്തെക്കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശമില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News