'കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല, ഇപ്പോള്‍ ഞാനുണ്ട്': സിദ്ധരാമയ്യ
മന്ത്രിസഭാ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍
ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ നിലവിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മന്ത്രിസഭാ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയും ശിവകുമാറും ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് എത്തിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
'ഞാനാണ് കർണാടക മുഖ്യമന്ത്രി. ഞാൻ ഇവിടെ ഇരിപ്പുണ്ട്. ഇപ്പോൾ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമൊന്നും ഒഴിവില്ല'- അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇക്കാര്യം ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അധികാരം വെച്ചുമാറുന്നതിനേയും അദ്ദേഹം തള്ളി. '50-50 ഫോർമുല എന്നൊന്നില്ല. ഹൈക്കമാൻഡ് എന്താണോ തീരുമാനിക്കുന്നത്, അത് തങ്ങൾ അംഗീകരിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ഇരുവരും ഏതാനും കാബിനറ്റ് മന്ത്രിമാരും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്രത്തിൽ നിന്ന് പിന്തുണ തേടി.
2023 മെയ് മാസത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയതുമുതൽ കർണാടകയിലെ രണ്ട് ഉന്നത കോൺഗ്രസ് നേതാക്കന്മാരായ ഇരുവര്‍ക്കും ഇടയില്‍ അധികാരത്തർക്കം പുകയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. '50-50 ഫോർമുലയൊക്കെ അതിന്റെ ഭാഗമായാണ് വരുന്നത്.