രാംഗോപാല്‍ മിശ്രയെ മുസ്‍ലിംകള്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം; മാപ്പ് പറഞ്ഞ് നൂപുര്‍ ശര്‍മ

ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്‍റെ വിവാദപരാമര്‍ശം

Update: 2024-10-22 02:48 GMT

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലുണ്ടായ വർഗീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 22 കാരനായ രാം ഗോപാൽ മിശ്രയുടെ മരണത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പ് പറഞ്ഞ് ബിജെപി മുൻ വക്താവ് നൂപുർ ശർമ.

'' മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ രാം ഗോപാൽ മിശ്രയെക്കുറിച്ച് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എൻ്റെ പരാമര്‍ശം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നു'' നൂപുര്‍ എക്സില്‍ കുറിച്ചു.

ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്‍റെ വിവാദപരാമര്‍ശം. ''മിശ്രക്ക് നേരെ 35 തവണ വെടിയുതിര്‍ത്തു, കണ്ണുകൾ ചൂഴ്ന്നെടുത്തു, വയറ് കീറി കുടൽ പുറത്തെടുത്തു, നഖങ്ങൾ പറിച്ചെടുത്തു...ക്രൂരമായി കൊലപ്പെടുത്തി'' എന്നായിരുന്നു നൂപുര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. തുടർന്ന്, മുസ്‌ലിംകൾക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. വിദ്വേഷ പരാമര്‍ശത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നൂപുറിനെതിരെ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു.മിശ്രയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ബദൗൺ പൊലീസ് ഇതിനകം തള്ളിക്കളഞ്ഞതിന് ശേഷം ഒരു പൊതുപരിപാടിയില്‍ വച്ച് നൂപുര്‍ എന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഒരു വിഭാഗം ചോദിച്ചു.

Advertising
Advertising

വെടിയേറ്റാണ് മിശ്ര മരിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ് ക്രൂരമായി പീഡനത്തിരയായി എന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും സാമുദായിക സൗഹാർദം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.

ഒക്ടോബര്‍ 13ന് ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചഭാഷിണിയിൽ പാട്ട് വെച്ചതിനെച്ചൊല്ലി തർക്കമുണ്ടായത്.ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ടും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തത്.

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഘോഷയാത്രയ്ക്കെത്തിയവര്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാഗ്വാദത്തിലും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് 22കാരനായ രാംഗോപാല്‍ മിശ്ര കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായി. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമിന് നാട്ടുകാര്‍ തീയിടുകയും ചെയ്തു. 38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തി ചാരമായത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് അക്രമികൾ തീയിട്ടത്. ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമിൽ ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുമ്പോഴാണ് അക്രമികൾ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News