'ഇതാ കാവൽ മാലാഖമാർ': ഭൂമികുലുക്കത്തിനിടെ എൻഐസിയുവിലെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് നഴ്‌സുമാർ; ഹൃദയസ്പർശിയായ വിഡിയോ
ഞായറാഴ്ച വൈകുന്നേരം 4.41 നാണ് 5.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്
ദിസ്പൂർ: ഞായറാഴ്ച വൈകുന്നേരം അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും ഭൂട്ടാനിലും ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിനിടെ ആശുപത്രി കെട്ടിടം കുലുങ്ങിയപ്പോള്‍ നവജാത ശിശുക്കളെ സംരക്ഷിക്കുന്ന രണ്ടു നഴ്സുമാരുടെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയാണ്.
അസമിലെ നാഗോൺ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരാണ് നവജാത ശിശുക്കളെ ഒരുപോറലുപോലുമേല്‍പ്പിക്കാതെ സംരക്ഷിക്കുന്നത്. എൻഐസിയു (നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്) യിൽ നിന്നുള്ള ഇപ്പോൾ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. കസേരയിലിരിക്കുകയായിരുന്ന നഴ്സുമാര്‍ കെട്ടിടം കുലുങ്ങുന്നത് കണ്ടയുടനെ എഴുന്നേല്‍ക്കുകയും കുട്ടികളുടെ അടുത്തേക്ക് നീങ്ങുന്നതും വിഡിയോയില്‍ കാണാം. ഭൂകമ്പത്തിന്‍റെ ശക്തിയില്‍ കുട്ടികളെ കിടത്തിയിരിക്കുന്ന ബെഡടക്കം ശക്തമായി കുലുങ്ങുന്നുണ്ടായിരുന്നു. മൂന്ന് കുട്ടികളാണ് എന്‍ഐസിയുവില്‍ ആ സമയത്ത് ഉണ്ടായിരുന്നത്. നഴ്സുമാര്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് കൈവെക്കുകയും അവരെ സംരക്ഷിക്കുന്നതും വിഡിയോയില്‍ കാണാം. ആദിത്യ നഴ്സിംഗ് ഹോമിൽ വൈകുന്നേരം 4:40 ഓടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പലരും നഴ്സുമാരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു.യഥാര്‍ഥ കാവല്‍ മാലാഖമാര്‍ എന്നാണ് ചിലര്‍ വിഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.
ഉദൽഗുരി നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വൈകുന്നേരം 4.41 ന് 5.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനവും , വൈകുന്നേരം 4.58 ന് 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും, തുടർന്ന് വൈകുന്നേരം 5.21 ന് 2.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. നാലാമത്തെ ഭൂചലനം 2.7 തീവ്രത രേഖപ്പെടുത്തിയതും വൈകുന്നേരം 6.11 ന് രേഖപ്പെടുത്തിയതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അസമിലെ സോണിത്പൂരായിരുന്നു.
"ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉദൽഗുരിക്കടുത്തായിരുന്നു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സില്‍ കുറിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ സേനകൾ സ്ഥലത്തുണ്ടെന്നും ശർമ്മ പറഞ്ഞു.സെപ്റ്റംബർ 2 ന് അസമിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും ഭൂകമ്പമുണ്ടായത്.
വിഡിയോ കാണാം..