മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാർക്ക് 3.45 ലക്ഷം; ശമ്പള വർധന ബില്ലിന് അംഗീകാരം നൽകി ഒഡീഷ

നിലവിൽ നിയമസഭയിലെ അംഗങ്ങൾക്ക് അലവൻസ് അടക്കം 1.11 ലക്ഷം രൂപയായിരുന്നു മാസം തോറും ലഭിച്ചിരുന്നത്

Update: 2025-12-10 02:50 GMT

ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പള വർധനവിനുള്ള ബില്ലിന് അംഗീകാരം നൽകി ഒഡീഷ സർക്കാർ. ശമ്പളത്തിൽ മൂന്ന് മടങ്ങിലേറെ വർധനവുണ്ടാകുന്ന ബില്ലിനാണ് നിയമസഭയിൽ അംഗീകാരമായത്. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് ശമ്പളം വർധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവിന് അംഗീകാരം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർലമെന്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്‌ഠേന അംഗീകാരം നൽകുകയായിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളവും ആനുപാതികമായി വർധിപ്പിച്ചു. സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാനും ശമ്പള വർധന ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാനും തീരുമാനമുണ്ട്.

Advertising
Advertising

നിലവിൽ നിയമസഭയിലെ അംഗങ്ങൾക്ക് അലവൻസ് അടക്കം 1.11 ലക്ഷം രൂപയായിരുന്നു മാസം തോറും ലഭിച്ചിരുന്നത്. ഇത് ഇനി മുതൽ 3.45 ലക്ഷം രൂപയാകും. പുതിയ ശമ്പള ക്രമം അനുസരിച്ച് എംഎൽഎമാർക്ക് 90000 രൂപ ശമ്പളമായും 75000 രൂപ മണ്ഡലം അലവൻസായും 10000 രൂപ ബുക്ക് അലവൻസായും 50000 രൂപ കൺവയൻസ് അലവൻസായും 20000 രൂപ വൈദ്യുതി അലവൻസായും 50000 രൂപ ട്രാവൽ അലവൻസായും 35000 രൂപ മെഡിക്കൽ അലവൻസായും 15000 രൂപ ടെലിഫോൺ അലവൻസായും ലഭിക്കും.

ഇതിന് പുറമെ മുൻ എംഎൽഎമാർക്ക് 1.17 ലക്ഷം രൂപ പെൻഷനായി ലഭിക്കും. 80000 രൂപ പെൻഷൻ, 25000 മെഡിക്കൽ അലവൻസ്, 12500 രൂപ യാത്രാ ബത്തയായുമാണ് ലഭിക്കുക. ഒന്നിലേറെ തവണ എംഎൽഎമാരായവർക്ക് ഓരോ തവണയ്ക്കും 3000 രൂപ അധികമായി ലഭിക്കും.

മുഖ്യമന്ത്രിക്ക് 3.74 ലക്ഷമാണ് പ്രതിമാസ വരുമാനം. സ്പീക്കർക്കും ഉപമുഖ്യമന്ത്രിക്കും 368000 രൂപ ലഭിക്കും. ഡപ്യൂട്ടി സ്പീക്കർക്കും സഹമന്ത്രിമാർക്കും 3.56 ലക്ഷം രൂപ ലഭിക്കും. പ്രതിപക്ഷ നേതാവിനും കാബിനറ്റ് മന്ത്രിമാർക്കും 3.62 ലക്ഷം രൂപയും ലഭിക്കും. ചീഫ് വിപ്പിന് 3.62 ലക്ഷം രൂപയും ഡെപ്യൂട്ടി ചീഫ് വിപ്പിന് 3.5 ലക്ഷം രൂപയും മാസ വരുമാനം ലഭിക്കും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News