'ഞാൻ അപകടത്തിൽ മരിച്ചുവെന്ന് എല്ലാവരോടും പറയണം'; സുഹൃത്തിന് സന്ദേശമയച്ച് യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ ഓലയുടെ ടോക്സിക് തൊഴിൽ സംസ്കാരമെന്ന് ആരോപണം

യുവാവിന്റെ മരണത്തെ തുടർന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഓല ക്രുട്രിമിൽ ഗുരുതര തൊഴിൽ ചൂഷണം നടക്കുന്നുണ്ടെന്ന് പുറത്തറിഞ്ഞത്

Update: 2025-05-22 12:31 GMT

ബെംഗളൂരു: ഓലയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗമായ ക്രുട്രിമിലെ മെഷീൻ ലേണിംഗ് എഞ്ചിനീയറായ നിഖിൽ സോമവൻഷി താൻ ഒരു അപകടത്തിൽ മരിച്ചുവെന്ന് എല്ലാവരോടും പറയാൻ തന്റെ സുഹൃത്തിന് സന്ദേശം അയച്ച് ആത്മഹത്യ ചെയ്തു. മെയ് 8ന് രാവിലെ എച്ച്എസ്ആർ ലേഔട്ടിലെ വസതിക്ക് സമീപമുള്ള അഗാര തടാകത്തിൽ 24 കാരനായ ഐടി പ്രൊഫഷണലിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നിഖിൽ പഠനത്തിനിടെ മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ ലാർജ് ലാംഗ്വേജ് മോഡലുകളും റിട്രീവൽ-ഓഗ്‌മെന്റഡ് ജനറേഷനും ഉപയോഗിച്ചുള്ള ഒരു ചാറ്റ്ബോട്ട് പ്രോജക്റ്റിൽ പ്രവർത്തിച്ചതായി റിപ്പോർട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് മഹാരാഷ്ട്രയിലെ ജൽഗാവ് സ്വദേശിയായ നിഖിൽ മെയ് 7ന് വൈകുന്നേരം തന്റെ താമസസ്ഥലം വിട്ട് താൻ ഒരു അപകടത്തിൽ മരിച്ചുവെന്ന് കുടുംബത്തെ അറിയിക്കാൻ ആവശ്യപ്പെട്ട് തന്റെ റൂംമേറ്റിന് ഒരു സന്ദേശം അയച്ചു. ഫോണിൽ കിട്ടാതായപ്പോൾ ലൈവ് ലൊക്കേഷൻ ഉപയോഗിച്ച് തിരഞ്ഞെത്തിയത് ആഗാര തടാകത്തിനരികിൽ. തടാകത്തിന് സമീപം ഒരു ജോഡി ചെരിപ്പുകൾ കണ്ടെത്തിയ സുഹൃത്ത് ഉടൻ തന്നെ 112 ഡയൽ ചെയ്ത് പൊലീസിനെ അറിയിച്ചു.

Advertising
Advertising

ഇരുട്ടുകൊണ്ട് തിരച്ചിൽ ദുഷ്കരമായതിനാൽ പിറ്റേന്ന് രാവിലെ നടത്തിയ തിരച്ചിലിൽ തടാകത്തിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാറ ഫാത്തിമ ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവമാണെങ്കിലും റെഡ്ഡിറ്റിലെ ഒരു ഉപയോക്താവ് നിഖിൽ സോമവൻഷിയുടെ മരണത്തെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെ ടോക്‌സിക് തൊഴിൽ സംസ്കാരവുമായി ബന്ധിപ്പിച്ചതിനെത്തുടർന്ന് മരണം ചർച്ചാവിഷയമായി.

ക്രുട്രിമിൽ 'അങ്ങേയറ്റത്തെ ജോലി സമ്മർദ്ദവും' ഉണ്ടെന്ന് വൈറലായ റെഡ്ഡിറ്റ് പോസ്റ്റ് ആരോപിക്കുന്നു. പുതുമുഖമായിരുന്നിട്ടും നിഖിൽ സോമവൻഷിയെ നേതൃനിരയിൽ നിയമിച്ചെന്നും രണ്ട് സഹപ്രവർത്തകർ രാജിവച്ചതിനെത്തുടർന്ന് അധിക ഉത്തരവാദിത്തങ്ങൾ ചുമത്തിയെന്നും പോസ്റ്റ് അവകാശപ്പെട്ടു. നിഖിൽ സോമവൻഷിയുടെ യുഎസ് ആസ്ഥാനമായുള്ള മാനേജരുടെ പേരും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ജൂനിയർ സ്റ്റാഫുകളെ നിരന്തരം അധിക്ഷേപിക്കാറുണ്ടായിരുന്ന മാനേജർ സംഭവത്തെ കുറിച്ച് സംസാരിക്കരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന നിഖിൽ സോമവൻഷി 2024 ഓഗസ്റ്റിൽ ക്രുട്രിമിൽ ചേർന്നു. നിഖിലിന്റെ മരണത്തെ തുടർന്ന് ടോക്സിക് തൊഴിൽ സംസ്കാരം, കടുത്ത സമ്മർദ്ദം എന്നിവ കാരണം ഓലയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് സംഭവ സമയത്ത് നിഖിൽ അസുഖം കാരണം സ്വകാര്യ അവധിയിലായിരുന്നുവെന്ന് ഓല ക്രുട്രിം പറഞ്ഞു. ഓലയുടെ AI മേഖലകളുടെ ഒരു പ്രധാന ഭാഗമായ ക്രുട്രിം 2024ന്റെ തുടക്കത്തിൽ മാട്രിക്സ് പാർട്ണേഴ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 50 മില്യൺ യുഎസ് ഡോളർ സമാഹരിക്കുകയും 1 ബില്യൺ യുഎസ് ഡോളർ മൂല്യനിർണ്ണയം നേടുകയും രാജ്യത്തെ ആദ്യത്തെ AI കമ്പനിയാണ്.  

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News