'രാജ്യസ്‌നേഹത്തിന്റെ ലോയൽറ്റി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുത്'; വന്ദേമാതരം ചർച്ചയിൽ ഉവൈസി
''ഭാരതത്തെ ദേവിയായി വിശേഷിപ്പിക്കുകയാണെങ്കിൽ നിങ്ങൾ ദേശീയതയെയും രാജ്യസ്നേഹത്തെയും മതമാക്കി മാറ്റുകയാണ്''
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് പൂർണ മതസ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടെന്നും ദേശസ്‌നേഹത്തെ ഏതെങ്കിലും മതവുമായോ ചിഹ്നവുമായോ ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഏതെങ്കിലും ദൈവത്തെ ബഹുമാനിക്കാൻ പൗരൻമാരെ നിർബന്ധിക്കാനാവില്ല. അവരിൽ നിന്ന് 'ലോയൽറ്റി സർട്ടിഫിക്കറ്റുകൾ' ആവശ്യപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഉവൈസി.
വന്ദേമാതരം ചൊല്ലാൻ നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, അത് രാജ്യസ്നേഹത്തിന്റെ അളവുകോലല്ല. വന്ദേ മാതരം ദേശീയതയുടെ മാനദണ്ഡമല്ല. തങ്ങൾക്ക് രാജ്യത്തോടുള്ള സ്‌നേഹം അചഞ്ചലമാണ്; മുസ്‌ലിം ആയതുകൊണ്ട് രാജ്യത്തോടുള്ള സ്‌നേഹത്തിന് അത് തടസ്സമാകുന്നില്ല. തങ്ങൾ തങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നു, എന്നും സ്‌നേഹിക്കുകയും ചെയ്യും.
വന്ദേ മാതരം കൂറ് തെളിയിക്കാനുള്ള പരീക്ഷയായി മാറ്റിയാൽ, അത് ഗാന്ധി, അംബേദ്കർ, ടാഗോർ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ആദർശങ്ങളെ ഉപേക്ഷിച്ച് ഗോഡ്‌സെയുടെയും ഹിന്ദു ദേശീയതയുടെയും പ്രത്യയശാസ്ത്രം സ്വീകരിക്കുന്നതിന് തുല്യമാകും. ഇന്ത്യ പലതരം പൂക്കളുള്ള ഒരു പൂന്തോട്ടമാണ്. ഒരു തോട്ടക്കാരൻ ഒരു പൂവ് മാത്രം വിരിയിക്കാൻ ആഗ്രഹിച്ചാൽ, ഈ പൂന്തോട്ടം മരുഭൂമിയായി മാറും, ആ തോട്ടക്കാരൻ ഒരു 'ജല്ലാദ്' (കൊലയാളി) ആയി മാറുമെന്നും ഉവൈസി പറഞ്ഞു.
'തൗഹീദ്' (ഏകനായ അല്ലാഹുവിൽ വിശ്വസിക്കുക) ഇസ്‌ലാമിന്റെ കാതലാണ്. ഭരണഘടനയുടെ 25-ാം വകുപ്പ് ചിന്ത, ആവിഷ്‌കാരം, വിശ്വാസം, മതവിശ്വാസം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യം മുസ്‌ലിംകൾക്ക് ഉറപ്പ് നൽകുന്നു. ഈ സ്വാതന്ത്ര്യം ഉപേക്ഷിക്കുന്നത് അപകടകരമാകും.
അടിച്ചമർത്തൽ, ദാരിദ്ര്യം, ചൂഷണം, തൊഴിലില്ലായ്മ എന്നിവ അവസാനിപ്പിക്കാനും സമാധാനവും സൗഹാർദവും കൊണ്ടുവരാനുമാണ് രാജ്യസ്നേഹം ആവശ്യപ്പെടുന്നത്. ഭാരതത്തെ ദേവിയായി വിശേഷിപ്പിക്കുകയാണെങ്കിൽ നിങ്ങൾ ദേശീയതയെയും രാജ്യസ്നേഹത്തെയും മതമാക്കി മാറ്റുകയാണ്. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേമാതരം ചൊല്ലണമെന്ന് പറയുന്നത് ഭരണഘടനക്കും സുപ്രിംകോടതി ഉത്തരവുകൾക്കും എതിരാണ്.
തങ്ങൾ ജിന്നയോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചവരാണ്, അതുകൊണ്ടാണ് ഇന്ത്യയെ തങ്ങളുടെ രാജ്യമായി സ്വീകരിച്ചത്. എന്നാൽ, 1942-ൽ നിങ്ങളുടെ പ്രിയപ്പെട്ടവരും ജിന്നയുടെ പാർട്ടിയും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ, ബംഗാൾ, സിന്ധ് എന്നിവിടങ്ങളിൽ സഖ്യ സർക്കാരുകൾ രൂപീകരിക്കുകയും 1.5 ലക്ഷം ഹിന്ദുക്കളെയും മുസ്‌ലിംകളെയും ബ്രിട്ടീഷ് സൈന്യത്തിൽ ചേർത്തുകയും ചെയ്തു.
'ഉമ്മുൽ മുഅ്മിനീൻ' (പ്രവാചകന്റെ ഭാര്യ), 'ഉമ്മുൽ കിതാബ്' (ഖുർആൻ) എന്നിവയെക്കുറിച്ചുള്ള പ്രതിരോധമന്ത്രിയുടെ പരാമർശങ്ങൾക്കും ഉവൈസി മറുപടി പറഞ്ഞു. ''ഉമ്മുൽ മുഅ്മിനീൻ ഞങ്ങളുടെ പ്രവാചകന്റെ ഭാര്യയാണ്. ഞങ്ങൾ അവരെ ഞങ്ങളുടെ ഉമ്മയായി കണക്കാക്കുന്നു, പക്ഷെ ആരാധിക്കുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ഉമ്മയെ ആരാധിക്കുന്നില്ല. ഉമ്മുൽ കിതാബ് ഖുർആൻ ആണ്, പക്ഷെ ഞങ്ങൾ ഖുർആനെ ആരാധിക്കുന്നില്ല''- ഉവൈസി വ്യക്തമാക്കി.
ഭരണഘടന ആരംഭിക്കുന്നത് 'നാം, ഭാരതത്തിലെ ജനങ്ങൾ' (We the people) എന്ന വാക്കുകളോടെയാണ്, 'ഭാരത മാതാ' എന്ന വാക്കുകളോടെയല്ല. ഭരണഘടനയുടെ ആമുഖം ചിന്ത, ആവിഷ്‌കാരം, വിശ്വാസം, മതം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അങ്ങനെയെങ്കിൽ, ഏതെങ്കിലും ഒരു പൗരനെ ഒരു പ്രത്യേക ദൈവത്തെയോ ദേവതയെയോ ആരാധിക്കാനോ വണങ്ങാനോ നിർബന്ധിക്കാൻ എങ്ങനെ കഴിയുമെന്നും ഉവൈസി ചോദിച്ചു.