പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സൂചന; സിദ്ദു പി.സി.സി അധ്യക്ഷനാവും

നിയമസഭാ സ്പീക്കര്‍ റാണ കെ.പി സിങ്, രാജ്കുമാര്‍ വെര്‍ക തുടങ്ങിയ മൂന്നോ നാലോപേര്‍ പുതുതായി മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചന.

Update: 2021-07-15 09:19 GMT
Advertising

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തര്‍ക്കം രൂക്ഷമായ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രധാന വിമര്‍ശകനായ നവജ്യോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. ഒപ്പം വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ചരഞ്ജിത് ചാന്നി, ഗുര്‍പ്രീത് കംഗര്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കും. നിയമസഭാ സ്പീക്കര്‍ റാണ കെ.പി സിങ്, രാജ്കുമാര്‍ വെര്‍ക തുടങ്ങിയ മൂന്നോ നാലോപേര്‍ പുതുതായി മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചന.

ദളിത് സമുദായത്തില്‍ നിന്നുള്ള ഒരു അംഗവും മന്ത്രിസഭയിലെത്തും. സോണിയാ ഗാന്ധി നിയോഗിച്ച മൂന്നംഗ സമിതിക്ക് മുമ്പാകെ എം.എല്‍.എമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മന്ത്രിസഭയിലെ ദളിത് പ്രാതിനിധ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും കഴിഞ്ഞ ആഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല പുറത്തുവന്നത്.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News