കര്‍ണാടകയിലെ തുമകുരുവിൽ മയിലുകള്‍ കൂട്ടത്തോടെ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
മൂന്ന് ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ
മംഗളൂരു: കർണാടകയിലെ തുമകുരുവില്‍ ഇരുപത് മയിലുകളെ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തില്‍ വനം മന്ത്രി ഈശ്വർ ഖന്ദ്രെ അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്ന് ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലെ മെഡിഗേഷിക്ക് സമീപമുള്ള വയലിലാണ് ചത്ത മയിലുകളെ കര്‍ഷകര്‍ ആദ്യം കാണുന്നത്. പിന്നാലെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചു.
കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയച്ചു. മയിലുകളുടെ ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച മന്ത്രി ഖന്ദ്രെ, വിഷയം ഗൗരവമായി സർക്കാർ എടുക്കുന്നുണ്ടെന്നും വ്യക്തമാക്കി. ചാമരാജനഗര ജില്ലയിലെ മാലെ മഹാദേശ്വര കുന്നുകളിൽ വിഷബാധയേറ്റ് കടുവയും നാല് കുഞ്ഞുങ്ങളും ചത്തതും ബന്ദിപ്പൂരിന് സമീപം കുരങ്ങുകളെ കൊന്ന് തള്ളിയ സംഭവവും മന്ത്രി ഓര്‍മിപ്പിച്ചു.
അതേസമയം കീടനാശിനി കഴിച്ചതുകൊണ്ടാകാം മയിലുകൾ ചത്തതെന്ന റിപ്പോർട്ടുകളുമുണ്ട്. പക്ഷികളെ കൊല്ലാൻ മനഃപൂർവ്വം കീടനാശിനി ഉപയോഗിച്ചതാണോ അതോ കാർഷിക ആവശ്യങ്ങൾക്കായി തളിച്ച കീടനാശിനി കലർന്ന വിളകൾ മയിലുകൾ കഴിച്ചതാണോ എന്ന് അന്വേഷിക്കാനും വനം ഡെപ്യൂട്ടി കൺസർവേറ്ററുടെ (ഡിസിഎഫ്) നേതൃത്വത്തിലുള്ള സംഘത്തോട് മന്ത്രി നിർദ്ദേശിച്ചു.
അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.