'ടിപ്പു കട്ടൗട്ട് എടുത്തുമാറ്റണം'; ഡി.വൈ.എഫ്.ഐയ്ക്ക് പൊലീസ് നോട്ടിസ്

ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദക്ഷിണ കന്നഡയിലെ ഹറേകലയിൽ സ്ഥാപിച്ച ആറടി പൊക്കമുള്ള ടിപ്പു സുൽത്താൻ കട്ടൗട്ടിനെതിരെയാണ് പൊലീസ് നോട്ടിസ്

Update: 2024-02-23 15:53 GMT
Editor : Shaheer | By : Web Desk
Advertising

മംഗളൂരു: ടിപ്പു സുൽത്താന്റെ കട്ടൗട്ട് നീക്കണമെന്ന നിർദേശവുമായി ഡി.വൈ.എഫ്.ഐയ്ക്ക് പൊലീസ് നോട്ടിസ്. ദക്ഷിണ കന്നഡയിലെ ഉള്ളാൾ താലൂക്കിൽ ഹറേകലയിലെ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നിൽ സ്ഥാപിച്ച ആറടി പൊക്കമുള്ള കട്ടൗട്ട് എടുത്തുമാറ്റാനാണ് നിർദേശം. കൊണാജെ പൊലീസാണ് ഉത്തരവിട്ടതെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

ക്രമസമാധാന പ്രശ്‌നം മുന്നിൽകണ്ടാണ് ഇത്തരമൊരു നിർദേശമെന്നാണ് നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹറേകലയിലെ പാവൂർ യൂനിറ്റ് ഓഫിസിനു മുന്നിലാണ് ഫെബ്രുവരി 17ന് ടിപ്പു കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. ഡി.വൈ.എഫ്.ഐ 12-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സ്ഥാപിച്ച പ്രചാരണ ബോർഡിനൊപ്പമായിരുന്നു ഇത്.

കട്ടൗട്ട് സ്ഥാപിക്കാൻ അനുമതി വാങ്ങിയില്ലെന്നും നോട്ടിസിൽ പൊലീസ് ചൂണ്ടിക്കാട്ടി. കട്ടൗട്ട് മാറ്റുന്ന പ്രശ്‌നമില്ലെന്ന് ഡി.വൈ.എഫ്.ഐ ദക്ഷിണ കന്നഡ അധ്യക്ഷൻ ബി.കെ ഇംതിയാസ് പ്രതികരിച്ചു. പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കട്ടൗട്ട് സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിപ്പുവിനു പുറമെ റാണി അബ്ബക്ക, കോട്ടി, ചെന്നയ തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും കട്ടൗട്ടുകളും ബാനറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർത്തിയിട്ടുണ്ടെന്നും ഇംതിയാസ് പറഞ്ഞു.

എന്നു മുതലാണ് പൊതുസ്ഥലത്ത് ടിപ്പു ബാനറിനും പ്രതിമയ്ക്കും കട്ടൗട്ടിനുമെല്ലാം സർക്കാർ നിരോധനമേർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ദക്ഷിണ കന്നഡയിൽ ബി.ജെ.പി സർക്കാരാണോ, അതോ കോൺഗ്രസാണോ ഭരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാവ് ചോദിച്ചു.

മംഗളൂരുവിലെ കല്ലപ്പുവിലുള്ള യൂനിറ്റി ഹാളിലാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഫെബ്രുവരി 25ന് ആരംഭിക്കുന്ന സമ്മേളനം മൂന്നു ദിവസം നീണ്ടുനിൽക്കും.

Summary: Konaje police ask DYFI to remove Tipu Sultan cutout at Dakshina Kannada's Harekala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News