യു.പി പിടിക്കാന്‍ പ്രചാരണം ശക്തമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍

പാർട്ടികൾ നേരിട്ട് മത്സരിക്കുന്ന തെരെഞ്ഞെടുപ്പിനു കൂടിയായിയിരിക്കും ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Update: 2021-12-19 05:22 GMT
Editor : Suhail | By : Web Desk
Advertising

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പോർക്കളം തുറന്നു.

യു.പിയിലെ വൻപദ്ധതികളുടെ കല്ലിടൽ മാമാങ്കമായിട്ടാണ് കേന്ദ്രസർക്കാർ കൊണ്ടാടുന്നത്. വിമാനത്താവളം മുതൽ എക്സ്പ്രസ് വേയുടെ നിർമാണ ഉദ്‌ഘാടനം വരെ നിർവഹിക്കാൻ നരേന്ദ്രമോദി നേരിട്ടെത്തുന്നുണ്ട്. ഗംഗയിൽ മുങ്ങിയും, വാരണാസിയിൽ നടന്നും, ആരതി ഉഴിഞ്ഞും മോദി വാർത്തകളിൽ നിറയുമ്പോൾ, അദ്ദേഹത്തെ രാഷ്ട്രീയമായി കടന്നാക്രമിച്ചാണ് അഖിലേഷ് മുന്നേറുന്നത്.

അവസാന കാലത്ത് കാശിയിൽ ആളുകൾ ചെലവഴിക്കാറുണ്ട് എന്ന അഖിലേഷിന്റെ വാക്കുകൾ, ക്രൂരമെന്നാണ്‌ ബി.ജെ.പി വിശേഷിപ്പിച്ചത്. എസ്.പി ഭരണകാലത്തെ മാഫിയ ഭരണമെന്ന് ആവർത്തിച്ചു പറയുകയാണ് മോദി. 

ഗംഗയിൽ മുങ്ങുന്ന മോദി തൊഴിലില്ലായ്മയെ കുറിച്ച് പറയുന്നതിൽ നിന്നും മുങ്ങുകയാണെന്നു രാഹുൽ ഗാന്ധി തുറന്നടിച്ചു. തോറ്റ ശേഷം രണ്ടാം തവണയാണ് രാഹുൽ ഗാന്ധി അമേതി സന്ദർശിക്കുന്നത്. പ്രിയങ്കയോടൊപ്പം രാഹുൽ നടത്തിയ പദയാത്രയിൽ പതിനായിരത്തിലേറെപേർ പങ്കെടുത്തു.

അടുത്ത ബന്ധുവായ ശിവപാൽ യാദവുമായുള്ള പിണക്കം പറഞ്ഞു തീർത്ത്, അദ്ദേഹത്തിൻറെ പാർട്ടിയെ അഖിലേഷ് മുന്നണിയിൽ എടുത്തു. സമാജ്‌വാദി പാർട്ടി നേതാക്കന്മാരുടെ വീടുകളിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തുന്നതിനെ അഖിലേഷ് വിമർശിച്ചു.

ഇ.ഡിയും സി.ബി.ഐയും പിന്നാലെ എത്തുമെന്ന് അദ്ദേഹം പരിഹസിച്ചു. വലിയ പാർട്ടികൾ തമ്മിൽ വലിയ സഖ്യങ്ങളില്ലാതെ, പാർട്ടികൾ നേരിട്ട് മത്സരിക്കുന്ന തെരെഞ്ഞെടുപ്പിനു കൂടിയായിയിരിക്കും ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News