മോദി 3.0; നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ എൻഡിഎ യോഗത്തിൽ തീരുമാനം

മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു

Update: 2024-06-05 16:06 GMT
Editor : banuisahak | By : Web Desk

ഡൽഹി: പുതിയ എൻഡിഎ സർക്കാരിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ എൻഡിഎ യോഗം തീരുമാനിച്ചു. എൻഡിഎ സഭാനേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എൻഡിഎ നിർണായക യോ​ഗം ചേർന്നത്. മോദിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertising
Advertising

ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ കാണാനാണ് യോഗത്തിൽ തീരുമാനമായിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ഇന്ന് തന്നെ രാഷ്‌ട്രപതിയെ കാണുമെന്നായിരുന്നു വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. 

തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തുള്ള കത്ത് ഘടകകക്ഷികൾ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്. റെയിൽവേ അടക്കമുള്ള വകുപ്പുകളാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷിവകുപ്പ് ആണ് നായിഡുവിന്റെ ലക്ഷ്യം. ചിരാഗ് പാസ്വാൻ കാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവുമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. 

ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജന സേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News