മുനവർ ഫാറൂഖി സംഭവം: കോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രിതിഷ് നന്ദി

രാഹുൽ ഗാന്ധി, എഴുത്തുകാരി തവ്‌ലിൻ സിങ്, കൊമേഡിയൻ വരുൺ ഗ്രോവർ, മാധ്യമപ്രവർത്തകരായ മായ ശർമ, അസ്മിത ബക്ഷി, പ്രജ്വാൾ തുടങ്ങിയ നിരവധി പേർ മുനവറിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

Update: 2021-11-29 08:36 GMT
Editor : André | By : Web Desk
Advertising

കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസ്സപ്പെടുത്തുന്ന സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്ന് എഴുത്തുകാരനും സംവിധായകനും മുൻ രാജ്യസഭാംഗവുമായ പ്രിതിഷ് നന്ദി. മുനവർ ദൈവങ്ങളെ അവഹേളിച്ചുവെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്ന് ടൈംസ് ഓഫ് ഇന്ത്യ, ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, ദി ഇൻഡിപെന്റന്റ് തുടങ്ങിയ മാധ്യമങ്ങളുടെ പത്രാധിപരും പബ്ലിഷറുമായിരുന്ന പ്രിതീഷ് നന്ദി ട്വീറ്റ് ചെയ്തു.

'കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടികൾ എല്ലായിടത്തും വലതുപക്ഷ സംഘടനകൾ തടസ്സപ്പെടുത്തുകയാണ്. ദൈവങ്ങളെയും ദേവതകളെയും അവഹേളിച്ചു എന്നാണ് ആരോപണം. തുടർച്ചയായി തടസ്സപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം രാജിയായിരിക്കുന്നു. ഇക്കാര്യം കോടതി സ്വമേധയാ പരിഗണനയ്‌ക്കെടുക്കണം. വസ്തുതകൾ പരിശോധിക്കുകയും അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാൻ അനുവദിക്കുകയോ വേണം...' - എന്നാണ് പ്രിതിഷ് നന്ദിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിശ്ചയിച്ച പരിപാടി പൊലീസ് ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചതോടെ സ്റ്റാൻഡ് അപ് കൊമേഡിയനായുള്ള കരിയർ താൻ ഉപേക്ഷിക്കുകയാണെന്ന് മുനവർ ഫാറൂഖി സമൂഹമാധ്യമങ്ങളുടെ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനിടെ 12 ഷോകളാണ് ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകളുടെ ഭീഷണിയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഇൻഡോറിലെ ഒരു പരിപാടിയുടെ റിഹേഴ്‌സലിനിടെ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി എന്ന പേരിൽ മുനവറിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയും ഒരു മാസം ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാൽ, തെളിവ് ഹാജരാക്കാൻ പരാതിക്കാർക്ക് കഴിയാതിരുന്നതോടെ ഇദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

'വിദ്വേഷം ജയിച്ചു, ജനാധിപത്യം തോറ്റു' എന്ന തലക്കെട്ടോടെയാണ് താൻ കരിയർ അവസാനിപ്പിക്കുന്ന വിവരം ഗുജറാത്തിലെ ജുനഗഡ് സ്വദേശിയായ മുനവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. '600ലേറെ ടിക്കറ്റുകൾ വിറ്റതാണ്. ഞാൻ പറയാത്ത തമാശയുടെ പേരിൽ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എൻറെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളിൽപ്പെട്ടവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. സെൻസർ സർട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികൾ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാൻ കരുതുന്നു. എൻറെ പേര് മുനവർ ഫാറൂഖി എന്നാണ്. നിങ്ങൾ മികച്ച പ്രേക്ഷകരായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു'- മുനവർ എഴുതി.

രാഹുൽ ഗാന്ധി, എഴുത്തുകാരി തവ്‌ലിൻ സിങ്, കൊമേഡിയൻ വരുൺ ഗ്രോവർ, മാധ്യമപ്രവർത്തകരായ മായ ശർമ, അസ്മിത ബക്ഷി, പ്രജ്വാൾ തുടങ്ങിയ നിരവധി പേർ മുനവറിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

Summary: Writer, Director, and Former MP Pritish Nandy Tweets "Comedian Munawar Faruqui's shows are stopped everywhere by rightwing groups alleging he has mocked gods/goddesses. He has repeatedly denied this and now finally given up. Perhaps a court could take this up suo moto, examine the facts and either punish him or allow him to work."

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News