അമിത് ഷാ കഴിവുകെട്ട ആഭ്യന്തരമന്ത്രി; മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ എന്നേ പുറത്തുപോയേനെ: പ്രിയങ്ക് ഖാർഗെ
സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുക മാത്രമാണ് ഷായുടെ ജോലിയെന്നും പ്രിയങ്ക് ഖാർഗെ
ബംഗളൂരു: ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ.
"സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രി എന്നാണ് അമിത് ഷായെ പ്രിയങ്ക് ഖാര്‍ഗെ വിശേഷിപ്പിച്ചത്. അമിത് ഷാ രാജിവയ്ക്കണമെന്നും മറ്റേതെങ്കിലും രാജ്യത്തോ സംസ്ഥാനത്തോ ആയിരുന്നുവെങ്കില്‍ അദ്ദേഹം എന്നേ പുറത്തുപോകുമായിരുന്നുവെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി.
കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രി ഉണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്‍റെ സുരക്ഷാ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും? രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുക മാത്രമാണ് ഷായുടെ ജോലിയെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
അതേസമയം ചെങ്കോട്ട സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. സുരക്ഷ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയും ഡൽഹിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കേജിരിവാളും വ്യക്തമാക്കി.
മുഴുസമയവും സുരക്ഷാവലയത്തിലുള്ള ചെങ്കോട്ടയുടെ മുന്നിൽ രാജ്യത്തെ നടുക്കിയ സ്ഫോടനം എങ്ങനെയുണ്ടായിയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഇത്തരം അപകടങ്ങൾ മുൻകൂട്ടി കാണാൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കഴിയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും പ്രതിപക്ഷമുയർത്തുന്നുണ്ട്.