രാഷ്ട്രീയ നേതാവിന്റെ മെത്തയ്ക്കടിയില്‍ ഹെറോയിന്‍ ഒളിപ്പിച്ച് എഎസ്‌ഐ; പിന്നാലെ റെയ്ഡും അറസ്റ്റും; ദൃശ്യങ്ങള്‍ പുറത്ത്
പിന്നാലെ പൊലീസ് സംഘം വീട്ടില്‍ റെയ്ഡ് നടത്തുകയും ഹെറോയിന്‍ പാക്കറ്റുകള്‍ പിടിച്ചെടുത്ത് മഹന്ത് കാശ്മീര്‍ ഗിരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു
ഛഢീഗര്‍: പഞ്ചാബിലെ ഖന്നയില്‍ രാഷ്ട്രീയ നേതാവിന്റെ വസതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹെറോയിന്‍ പാക്കറ്റുകള്‍ ഒളിപ്പിക്കുന്ന ദൃശ്യം പുറത്ത്. ശിവ് സേന നേതാവായ മഹന്ത് കാശ്മീര്‍ ഗിരിയുടെ വീട്ടിലെ മെത്തക്കടിയിലാണ് മഫ്തിയിലെത്തിയ എഎസ്‌ഐ ഹെറോയിന്‍ പാക്കറ്റുകള്‍ ഒളിപ്പിച്ചത്. 30 ഗ്രാം ഹെറോയിനാണ് എഎസ്ഐ സുഖ്ദേവ് സിങ് ലിവിങ് റൂമിലെ മെത്തയ്ക്കടിയിൽ വെച്ചത്. ഇതിന് പിന്നാലെ പൊലീസ് സംഘം വീട്ടില്‍ റെയ്ഡ് നടത്തുകയും ഹെറോയിന്‍ പാക്കറ്റുകള്‍ പിടിച്ചെടുത്ത് മഹന്ത് കാശ്മീര്‍ ഗിരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എഎസ്‌ഐ സുഖ്ദേവ് സിങ്ങിനെ ഖന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ.ദര്‍പ്പണ്‍ അഹ്ലുവാലിയ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.
പഞ്ചാബില്‍ മയക്കുമരുന്ന് വിരുദ്ധ ക്യാംപെയിന്‍ ശക്തമായി തുടരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളെ കുടുക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിതെന്നാണ് ഉയരുന്ന വിമർശനം.