പുഷ്‌കര്‍ സിങ് ധമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അടുത്ത അനുയായിയാണ് പുതിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി.

Update: 2021-07-03 12:12 GMT

പുഷ്‌കര്‍ സിങ് ധമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവും. ബി.ജെ.പി നിയമസഭാ കക്ഷിയോഗം നേതാവായി പുഷ്‌കര്‍ ധമിയെ തിരഞ്ഞെടുത്തു. നാല് മാസത്തിനിടെ ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കര്‍ സിങ് ധമി. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി കഴിഞ്ഞ മാര്‍ച്ചിലാണ് തിരത് സിങ് റാവത്തിനെ ബി.ജെ.പി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കിയത്.

നിലവില്‍ ലോക്‌സഭാ എം.പിയായ തിരത് സിങ് റാവത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഉപതെരഞ്ഞെടുപ്പ് വഴി എം.എല്‍.എ ആവണം. കോവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് തിരത് സിങ് റാവത്തിന് രാജിവെക്കേണ്ടി വന്നത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അടുത്ത അനുയായിയാണ് പുതിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി. ഖതിമ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയാണ് ധമി എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടുന്നത്. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News