Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഹൈദരാബാദ്: പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ അല്ലു അർജുൻ ഉൾപ്പെടെ 23 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടായ സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് ഒന്നാം പ്രതി.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2024 ഡിസംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2 ദി റൂള്‍' എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെ ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ താരം എത്തിയെന്നറിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ജനം തടിച്ചുകൂടുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് എം രേവതി എന്ന യുവതി മരണപ്പെടുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായ മകന്റെ ആഗ്രഹപ്രകാരമായിരുന്നു രേവതിയും കുടുംബവും സിനിമ കാണാനെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13ന് അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ഓക്സിജന്‍ നില കുറഞ്ഞ് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടി നാല് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം 2025 ഏപ്രിലിലാണ് ഡിസ്ചാര്‍ജായത്.