'ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പ് പുറത്തിറക്കുന്നത് ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന മാർഗമല്ല'; തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
- 'മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം'
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളാവർത്തിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. 'ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പ് പുറത്തിറക്കുന്നത് ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന മാർഗമല്ല. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ ചോദ്യങ്ങൾക്ക് മറുപടി പറയണ'മെന്നും അദ്ദേഹം പറഞ്ഞു. 'മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം. പോളിങ് ബൂത്തുകളിലെ വൈകീട്ടത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണ'മെന്നും രാഹുൽ ഗാന്ധി.
നേരത്തെ രാഹുലിന്റെ ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മുമ്പും മറുപടി നല്‍കിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാല്‍ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇ വസ്തുതകളെല്ലാം പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാണ് ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതിയ ലേഖനത്തിൽ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൻ്റെ രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പെന്നാണ് രാഹുലിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനലിനെ മാറ്റുക, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർക്കുക തെളിവുകൾ നശിപ്പിക്കുക തുടങ്ങിയ നടപടികൾ ഉണ്ടായാതായി രാഹുൽ ആരോപിച്ചു. ബിഹാറിലും ക്രമക്കേടിന് സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.