'പിന്നാക്ക വിദ്യാർഥികളുടെ ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക' പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

ബിഹാറിലെ ദർഭംഗയിലുള്ള അംബേദ്കർ ഹോസ്റ്റൽ സന്ദർശനത്തിൽ വിദ്യാർഥികളുടെ പരാതിയെ പരാമർശിച്ചുകൊണ്ടാണ് രാഹുലിന്റെ കത്ത്

Update: 2025-06-12 06:51 GMT

ന്യൂഡൽഹി: ദലിത്, എസ്ടി, ഇബിസി, ഒബിസി, ന്യൂനപക്ഷ വിദ്യാർഥികൾ എന്നിവരുടെ റെസിഡൻഷ്യൽ ഹോസ്റ്റലുകളിലെ ശോചനീയാവസ്ഥയെ കുറിച്ചും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക്കുലേഷൻ സ്കോളർഷിപ്പുകൾ നൽകുന്നതിലെ കാലതാമസത്തെക്കുറിച്ചും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ദർഭംഗയിലുള്ള അംബേദ്കർ ഹോസ്റ്റൽ സന്ദർശനത്തിൽ വിദ്യാർഥികളുടെ പരാതിയെ പരാമർശിച്ചുകൊണ്ടാണ് രാഹുലിന്റെ കത്ത്.  

'ഒന്നാമതായി ദലിത്, എസ്ടി, ഇബിസി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്കുള്ള റെസിഡൻഷ്യൽ ഹോസ്റ്റലുകളിലെ അവസ്ഥ വളരെ പരിതാപകരമാണ്. ബിഹാറിലെ ദർഭംഗയിലുള്ള അംബേദ്കർ ഹോസ്റ്റലിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ 6-7 വിദ്യാർഥികൾക്ക് ഒരുമിച്ച് താമസിക്കാൻ നിർബന്ധിതരായ ഒറ്റമുറികൾ, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, സുരക്ഷിതമല്ലാത്ത കുടിവെള്ളം, മെസ് സൗകര്യങ്ങളുടെ അഭാവം, ലൈബ്രറികളുടെയും ഇന്റർനെറ്റ് സേവനങ്ങളുടെയും അഭാവം എന്നിവയെക്കുറിച്ച് വിദ്യാർഥികൾ പരാതിപ്പെട്ടു.' മോദിക്കയച്ച കത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Advertising
Advertising

'രണ്ടാമതായി അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകൾ കാലതാമസം കൊണ്ട് വലയുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിന്റെ ഉദാഹരണം ഉദ്ധരിച്ച് സ്കോളർഷിപ്പ് പോർട്ടൽ മൂന്ന് വർഷമായി പ്രവർത്തനരഹിതമായിരുന്നുവെന്നും 2021-22 ൽ ഒരു വിദ്യാർഥിക്കും സ്കോളർഷിപ്പ് ലഭിച്ചില്ലെന്നും രാഹുൽ ആരോപിച്ചു.

'സ്കോളർഷിപ്പുകൾ ലഭിക്കുന്ന ദലിത് വിദ്യാർഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ 1.36 ലക്ഷത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 0.69 ലക്ഷമായി. സ്കോളർഷിപ്പ് തുകകൾ അപമാനകരമാം വിധം കുറവാണെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു.' രാഹുൽ ഗാന്ധി പറഞ്ഞു. 'പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ യുവാക്കൾ പുരോഗമിക്കാതെ ഇന്ത്യ പുരോഗമിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ നല്ല പ്രതികരണത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു.' കത്ത് അവസാനിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News