'അത് മോശമായിപ്പോയി'; ആർഎസ്എസിനെ പുകഴ്ത്തിയതിൽ ദിഗ്‌വിജയ് സിങ്ങിനോട് രാഹുൽ ഗാന്ധി
കോൺഗ്രസ്, ആർഎസ്എസ്- ബിജെപി സംഘടനാ സംവിധാനം കണ്ടുപഠിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ദിഗ്‌വിജയ് സിങ് പറഞ്ഞത്
ന്യൂഡൽഹി: ആർഎസ്എസ്- ബിജെപി നേതൃത്വത്തെ കണ്ടുപഠിക്കണമെന്ന് പറഞ്ഞതിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്ങിനെ ട്രോളി രാഹുൽ ഗാന്ധി. ഡൽഹി ഇന്ദിരാ ഭവനിൽ കോൺഗ്രസ് സ്ഥാപകദിനാഘോഷത്തിലാണ് ഇരുവരും നേരിൽക്കണ്ടത്. 'ഇന്നലെ നിങ്ങൾ ചെയ്തത് മോശമായിപ്പോയി' എന്ന് രാഹുൽ തമാശയായി പറഞ്ഞെന്നും സോണിയാ ഗാന്ധിയടക്കം അവിടെയുണ്ടായിരുന്ന നേതാക്കളെല്ലാം ഇതുകേട്ട് ചിരിച്ചെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
നരേന്ദ്ര മോദി അദ്വാനിയുടെ അടുത്ത് തറയിലിരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നേതാക്കളെ വളർത്തുന്നതിനെ കുറിച്ചുള്ള ദിഗ്‌വിജയ് സിങ്ങിന്റെ പോസ്റ്റ്. ''ഈ ചിത്രം വളരെ ആകർഷകമാണ്. എങ്ങനെയാണ് നേതാക്കളുടെ കാലിനടുത്ത് തറയിലിരിക്കുന്ന ഒരു ആർഎസ്എസ് പ്രവർത്തകൻ മുഖ്യമന്ത്രിയും പിന്നാട് രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായത്. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയാ രാം''- ദിഗ്‌വിജയ് സിങ് എക്‌സിൽ കുറിച്ചു.
പോസ്റ്റ് ചർച്ചയായതോടെ താൻ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും അവരുടെ സംഘടനാ സംവിധാനത്തെയാണ് പ്രശംസിച്ചതെന്നുമുള്ള വിശദീകരണവുമായി ദിഗ്‌വിജയ് സിങ് രംഗത്തെത്തി. ദിഗ്‌വിജയ് സിങ്ങിന്റെ പരാമർശത്തോട് കോൺഗ്രസ് നേതാവ് പവൻ ഖേഡ രൂക്ഷമായാണ് പ്രതികരിച്ചത്. ഗാന്ധിജിയുടെ പ്രസ്ഥാനത്തിന് ഗോഡ്‌സെയുടെ സംഘടനയിൽ നിന്ന് ഒന്നും പഠിക്കാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ശക്തമായാണ് പ്രതികരിച്ചത്. പാർട്ടിയുടെ സ്ഥാപകദിനത്തിൽ ഒരു കാര്യം വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുകയാണ്. കോൺഗ്രസ് തീർന്നുപോയെന്നാണ് ചിലർ പറയുന്നത്. അധികാരം കുറവായിരിക്കാം. പക്ഷേ തങ്ങൾ നട്ടെല്ല് വളച്ചിട്ടില്ല. ഭരണഘടനയിലോ മതേതരത്വത്തിലോ പാവപ്പെട്ടവരുടെ അവകാശങ്ങളിലോ ഞങ്ങൾ ഒത്തുതീർപ്പ് നടത്തിയിട്ടില്ല. അധികാരമില്ലായിരിക്കാം, പക്ഷേ തങ്ങൾ കീഴടങ്ങില്ല.
അമ്പലത്തിന്റെയോ പള്ളിയുടെയോ പേരിൽ കോൺഗ്രസ് ഒരിക്കലും വെറുപ്പ് പ്രചരിപ്പിച്ചിട്ടില്ല. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്. കോൺഗ്രസ് മതത്തെ ഒരു വിശ്വാസമായാണ് കണ്ടത്. എന്നാൽ ചിലർ മതത്തെ രാഷ്ട്രീയമാക്കി മാറ്റി. ഇന്ന് ബിജെപിക്ക് അധികാരമുണ്ട്. എന്നാൽ അവരുടെ കൂടെ സത്യമില്ല. കോൺഗ്രസ് ഒരു പ്രത്യയശാസ്ത്രമാണ്. പ്രത്യയശാസ്ത്രങ്ങൾ ഒരിക്കലും മരിക്കില്ലെന്നും ഖാർഗെ പറഞ്ഞു.