കാമറയും ടച്ച് സ്ക്രീനും വേണ്ട, കീപാഡ് മതി; സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ വിലക്കി രാജസ്ഥാനിലെ പഞ്ചായത്ത്
ജനുവരി 26 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.
ജയ്പ്പൂർ: ലോകം മുഴുവൻ 6ജിയിലേക്ക് കുതിക്കുമ്പോൾ സ്ത്രീകളെ കീപാഡ് ഫോൺ യുഗത്തിലേക്ക് തള്ളിവിട്ട് രാജ്യത്തെ ഒരു പഞ്ചായത്ത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്കാണ് സ്മാർട്ട് ഫോൺ വിലക്കി ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. മൊബൈൽ ആസക്തിയുൾപ്പെടെയുള്ള കാര്യങ്ങളുന്നയിച്ചാണ് വിലക്ക്.
ജനുവരി 26 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. തീരുമാനപ്രകാരം, സ്ത്രീകൾക്ക് കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവയ്ക്ക് മാത്രമല്ല, അയൽക്കാരെ സന്ദർശിക്കുമ്പോൾ പോലും മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവാദമില്ല. തീരുമാനം പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'സ്ത്രീകൾക്ക് ക്യാമറയുള്ള മൊബൈൽ ഫോൺ പാടില്ല. കോളിങ് ആവശ്യങ്ങൾക്കായി ക്യാമറയില്ലാത്ത ഫോൺ സൂക്ഷിക്കാം. പഠനത്തിനായി ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥിനികൾക്ക് അവ വീടിന് പുറത്ത് കൊണ്ടുപോകാൻ കഴിയില്ല'- വീഡിയോയിൽ ഒരാൾ പറയുന്നു. ആവശ്യമെങ്കിൽ സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് വീടിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാമെന്നും എന്നാൽ പുറത്തോ സാമൂഹിക പരിപാടികളിലോ അവ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഇയാൾ വിശദീകരിച്ചു.
സ്ത്രീകൾക്ക് മൊബൈൽ ഫോണുകൾ ഉള്ളപ്പോൾ കുട്ടികൾ അത് കൂടുതലായി ഉപയോഗിക്കാനുള്ള പ്രവണത കാണിക്കുന്നു. ഇത് അവരുടെ കാഴ്ചശക്തിയെ ബാധിച്ചേക്കാം. അതിനാൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്നും ഇയാൾ പറയുന്നു. ഞായറാഴ്ച ഗാസിപൂർ ഗ്രാമത്തിൽ നടന്ന പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പാട്ടി സമുദായത്തിന്റെ പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
ദേവറാം കർണോൾ വിഭാഗമാണ് നിർദേശം മുന്നോട്ടുവച്ചത്. ചർച്ചകൾക്ക് ശേഷം, എല്ലാ പഞ്ച് അംഗങ്ങളും നിയമം നടപ്പിലാക്കാൻ സമ്മതിക്കുകയായിരുന്നു. ഭിൻമൽ പ്രദേശത്തെ ഗാസിപൂർ, പാവാലി, കൽഡ, മനോജിയവാസ്, രാജികാവാസ്, ദത്തലവാസ്, രാജ്പുര, കോഡി, സിദ്രോഡി, അൽദി, റോപ്സി, ഖാനദേവൽ, സവിധാർ, ഹത്മി കി ധനി, ഖാൻപൂർ എന്നീ ഗ്രാമങ്ങളിൽ തീരുമാനം നടപ്പാക്കും.
പഞ്ചായത്തിന്റെ നീക്കത്തിനെതിരെ സാമൂഹിക പ്രവർത്തകരും വനിതാ അവകാശ സംഘടനകളും രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. തീരുമാനം സ്ത്രീവിരുദ്ധവും സ്വേച്ഛാധിപത്യപരവുമാണെന്ന് അവർ വിശേഷിപ്പിച്ചു.