കന്യാസ്ത്രീകളുടെ അറസ്റ്റ്: മുസ്‌ലിംകൾക്ക് ശേഷം സംഘ്പരിവാർ ക്രൈസ്തവരെയും ലക്ഷ്യമിടുന്നു- രാജ്ദീപ് സർദേശായ്
ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം ഇപ്പോൾ പ്രത്യേക രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് ഇന്ത്യാ ടുഡെയിൽ എഴുതിയ ലേഖനത്തിൽ രാജ്ദീപ് സർദേശായി പറഞ്ഞു.
ന്യൂഡൽഹി: മുസ്‌ലിംകൾക്ക് എതിരായ നിരന്തരമായ ആക്രമണങ്ങൾക്ക് പിന്നാലെ സംഘ്പരിവാർ ക്രിസ്ത്യാനികളെയും ലക്ഷ്യമിടുന്നതിന്റെ തെളിവാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ തന്നെ മുസ്‌ലിംകളോടുള്ള സമീപനം ചർച്ചയായിരുന്നു. മുസ്‌ലിംകൾക്കെതിരെ നിരന്തരം സംഘ്പരിവാർ നടത്തുന്ന കുറ്റകൃത്യങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.
അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ബെലഗാവിയിലെ ഒരു സ്‌കൂളിൽ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ അവിടത്തെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവം. ശ്രീരാമസേന പ്രവർത്തകരാണ് ഈ കേസിൽ അറസ്റ്റിലായത്. മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ സാധാരണ സംഭവമായി മാറുമ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തോടുള്ള സംഘ്പരിവാർ നിലപാട് ചർച്ചയാവാതെ പോവുകയാണെന്ന് 'ഇന്ത്യ ടുഡെ'യിൽ എഴുതിയ ലേഖനത്തിൽ രാജ്ദീപ് സർദേശായി പറഞ്ഞു.
ജൂലൈ 26ന് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തു. പ്രാദേശിക ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം പോയതെന്ന് പെൺകുട്ടികളും തങ്ങളുടെ അറിവോടെയാണ് അവർ ജോലിക്ക് പോയതെന്ന് മാതാപിതാക്കളും പറഞ്ഞെങ്കിലും അത് കേൾക്കാൻ പൊലീസ് തയ്യാറായില്ല. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് പൊലീസ് ചെയ്തത്. കന്യാസ്ത്രീകളെ പിന്തുണച്ചതിന് പെൺകുട്ടികളെ ബജ്‌റംഗ്ദൾ നേതാവായ ജ്യോതി ശർമ ഭീഷണിപ്പെടുത്തി. അന്യായമായി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ സഹായിക്കുന്നതിന് പകരം പൊലീസിനെയും ബജ്‌റംഗ്ദളിനെയും പിന്തുണക്കുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ചെയ്തത്.
തനിക്ക് ഈ അറസ്റ്റ് ഒരു കൗതുകമായി തോന്നിയില്ല എന്നാണ് രാജ്ദീപ് സർദേശായ് പറയുന്നത്. 2023ൽ ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നാരായൺപൂരിലെ ഒരു ചെറിയ ഗ്രാമത്തിലെ ഗോത്ര വിഭാഗക്കാരുമായി സംസാരിച്ച അനുഭവം സർദേശായ് പങ്കുവെക്കുന്നുണ്ട്. തങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും മരിച്ചാൽ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യാതെ സംസ്‌കാരം പോലും നടത്താൻ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ അനുവദിക്കാറില്ലെന്നാണ് ഇവർ പറഞ്ഞത്. ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് ഘർ വാപസി നടത്തുന്നത് സംഘ്പരിവാറും അതിന്റെ വനവാസി കല്യാൺ കേന്ദ്രങ്ങളും വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരിപാടിയാണ്.
മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. അതുപോലെ തന്നെയാണ് ഇഷ്ടമുള്ള മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അവകാശവും. അംബേദ്കറും അദ്ദേഹത്തിന്റെ അനുയായികളും ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തിയത് നാം മറക്കരുത്. എന്നാൽ ഇപ്പോൾ ഭരണഘടനാപരമായ അവകാശങ്ങൾ പ്രത്യേക രീതിയിലാണ് നടപ്പാക്കപ്പെടുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് നിർബന്ധിതവും കുറ്റകരവുമായി കാണുന്നു. ഹിന്ദു മതത്തിലേക്കുള്ള പുനർപരിവർത്തനം സ്വമേധയാ ഉള്ളതും അനുഗ്രഹവുമായാണ് കാണുന്നത്. ഭരണകൂട സംരക്ഷണമുള്ളതിനാൽ ബജ്‌റംഗ്ദളിനും വിഎച്ച്പിക്കും ഇപ്പോൾ ആരെയും ഭയപ്പെടാതെ ഭയത്തിന്റെ ശത്രുതയുടൈയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യമാണുള്ളതെന്നും രാജ്ദീപ് സർദേശായ് പറഞ്ഞു.
കേരള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതിന് പിന്നാലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. കന്യാസ്ത്രീകളോട് പ്രത്യേക താത്പര്യമൊന്നുമില്ലെങ്കിലും ആഭ്യന്തര മന്ത്രാലയം വേഗത്തിൽ പ്രവർത്തിച്ചു. കേരളത്തിലെ ക്രിസ്ത്യാനികളെ തൃപ്തിപ്പെടുത്താനായി ബിജെപി നേതൃത്വം ശക്തമായി ഇടപെട്ടു. ഗോവ, മേഘാലയ, നാഗാലാന്റ് പോലുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലുണ്ട്. എന്നാൽ രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ബിജെപിക്ക് രാഷ്ട്രീയമായി ഗുണകരമായേക്കാം. എന്നാൽ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയാവും.
അധികാരത്തിലെത്തിയ ശേഷം ഇതുവരെ ഒരു ഈദാഘോഷത്തിൽ പോലും പങ്കെടുക്കാത്ത പ്രധാനമന്ത്രി മോദി കഴിഞ്ഞ ഡിസംബറിൽ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. അവിടെ സ്‌നേഹം, ഐക്യം, സാഹോദര്യം തുടങ്ങിയ ക്രിസ്തുവിന്റെ സന്ദേശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. കഴിഞ്ഞ വർഷം ക്രിസ്ത്യൻ മത നേതാക്കൾക്ക് പ്രധാനമന്ത്രി തന്റെ വസതിയിൽ ചായ സൽക്കാരം നടത്തിയിരുന്നു. എന്നാൽ ഈ സ്‌നേഹത്തിന്റെ സന്ദേശം താഴേത്തട്ടിൽ എത്തുന്നില്ല എന്നാണ് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തെളിയിക്കുന്നത്.
കന്യാസ്ത്രീകളെയും വൈദികരെയും മതപരിവർത്തനം ആരോപിച്ച് രാജ്യദ്രോഹികളെന്ന് മുദ്രകുത്തി വേട്ടയാടുമ്പോൾ ഈ സ്‌നേഹത്തിന്റെ സന്ദേശം കാണില്ല. 1999ൽ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ബജ്‌റംഗ്ദൾ നേതാവായ ധാരാസിങ് ചുട്ടുകൊന്നത് ഇന്ത്യയുടെ മതസൗഹാർദത്തിന് കനത്ത ആഘാതമേൽപ്പിച്ച സംഭവമായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഫാദർ സ്റ്റാൻ സ്വാമിക്ക് കോടതി ഇടപെടൽ ഉണ്ടാകുന്നത് വരെ ഒരു സ്‌ട്രോ പോലും നൽകിയിരുന്നില്ല.
ഹിന്ദു മിഷണിമാർ വിദ്യാഭ്യാസത്തെ മതപരിവർത്തനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നു എന്നാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ ആരോപിക്കുന്നത്. എന്നാൽ കേന്ദ്ര മന്ത്രിമാർ അടക്കം പലരും മിഷണറി സ്‌കൂളിൽ പഠിച്ചവരാണെന്ന സത്യം അവർ മറച്ചുവെക്കുമെന്നും രാജ്ദീപ് സർദേശായ് പറഞ്ഞു.