പുലർച്ചെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു; നിരസിച്ചതിന് ഡി.ജെയെ വെടിവെച്ചു കൊന്നു

കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

Update: 2024-05-27 10:45 GMT
Editor : Lissy P | By : Web Desk
Advertising

പട്ന: ഝാർഖണ്ഡിലെ  റാഞ്ചിയിൽ മദ്യം നൽകാൻ ജീവനക്കാർ വിസമ്മതിച്ചതിനെ തുടർന്ന് ഡി.ജെയെ(ഡിസ്ക് ജോക്കി) വെടിവെച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പുലർച്ചെ ഒരുമണിക്ക് ബാറിലെത്തിയ കൊലയാളിയും മറ്റ് നാലുപേരും മദ്യം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാർ പൂട്ടിയെന്നും മദ്യം നൽകാനാകില്ലെന്നു ജീവനക്കാർ അറിയിച്ചു. ഇത് നിരസിച്ചതിനെത്തുടർനന് പ്രതികളും ബാർ ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കം നടന്നു. തർക്കത്തിനിടയിലാണ് പ്രതികളിലൊരാൾ റൈഫിൾ കൊണ്ടുവന്ന് ഡിജെയുടെ നെഞ്ചിലേക്ക് വെടിവെച്ചത്.

സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഡിജെയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഷോർട്ട്‌സ് മാത്രം ധരിച്ചയാളാണ് കൊലപാതകം നടത്തിയത്. ഇയാൾ ടീ ഷർട്ട് കൊണ്ട് മുഖം മറച്ചാണ് എത്തിയിരിക്കുന്നത്.

റാഞ്ചി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻചാർജും കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു.വെടിവെച്ചയാളെയും കൂട്ടാളികളെയും തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ സിൻഹ പറഞ്ഞു. സംഭവത്തിൽ ബാർ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News