ബിഹാറിന്‍റെ ആകാശത്ത് വട്ടമിട്ട് പറന്നത് 450 വിമാനങ്ങൾ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പറന്ന് നടന്ന് നേതാക്കള്‍, കോടികള്‍ പൊടിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍

നാല് പേർക്ക് ഇരിക്കാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് മണിക്കൂറിൽ ഏകദേശം 1.5 ലക്ഷം രൂപ വിലവരും

Update: 2025-11-14 04:20 GMT
Editor : Lissy P | By : Web Desk

പട്ന: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കേ ബിഹാറിന്‍റെ ആകാശത്തും വലിയ വലിയ തിരിക്കായിരുന്നു.പട്‌ന വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററുകളുടെ ശബ്ദം മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.  രണ്ടാം ഘട്ട പ്രചാരണം അവസാനിച്ചപ്പോഴേക്കും  450 വിമാനങ്ങൾ സർവീസ് നടത്തിയത്.

ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ റെക്കോര്‍ഡ് പ്രചാരണമാണ് ഇത്തവണ നടന്നത്.ഞായറാഴ്ചയായിരുന്നു പരസ്യപ്രചാരണം അവസാനിച്ചത്. ഇതോടുകൂടി പട്ന വിമാനത്താവളത്തില്‍ ഹെലികോപ്ടറുകളുടെ ശബ്ദവും കുറഞ്ഞുവന്നു. അതേസമയം, പ്രചാരണത്തിനായി കോടിക്കണക്കിന് രൂപയാണ് ഓരോ രാഷ്ട്രീയപാര്‍ട്ടികളും ബിഹാറില്‍ ചെലവഴിച്ചത് എന്നതിന്‍റെ തെളിവ് കൂടിയായിരുന്നു ഇത്. 

Advertising
Advertising

20 ജില്ലകളിലായി നടന്ന പ്രചാരണത്തിനായി, ഏകദേശം 25 ഹെലികോപ്റ്ററുകളും 12 ചാർട്ടേഡ് വിമാനങ്ങളും എല്ലാ ദിവസവും പട്ന വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ആദ്യ ഘട്ടത്തിൽ ഏകദേശം 210 വിമാനങ്ങൾ പറന്നപ്പോൾ രണ്ടാം ഘട്ടത്തിൽ ഏകദേശം 240 വിമാനങ്ങളാണ് പറന്നുയർന്നത്.

പ്രമുഖ നേതാക്കൾ ചാർട്ടേഡ് വിമാനത്തിൽ പട്നയിൽ എത്തുകയും തുടർന്ന് വിവിധ ജില്ലകളിലെ റാലികൾക്കായി ഹെലികോപ്റ്ററിൽ പോകുകയും ചെയ്യുന്നുവെന്ന് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. ദിവസവും നാലോ അഞ്ചോ ചാർട്ടേഡ് വിമാനങ്ങൾ നേതാക്കളുമായി വിമാനത്താവളത്തിലെത്തുകയും ചെയ്തു. 

ചാർട്ടേഡ് ജെറ്റുകൾക്ക് മണിക്കൂറിൽ 400,000 രൂപ മുതൽ 900,000 രൂപ വരെയാണ് വില. നാല് പേർക്ക് ഇരിക്കാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് മണിക്കൂറിൽ ഏകദേശം 1.5 ലക്ഷം രൂപ വിലവരും, ഇരട്ട എഞ്ചിൻ മോഡലുകൾക്ക് മണിക്കൂറിൽ 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വില.കോടിക്കണക്കിന് രൂപയുടെ ഇന്ധനം ഉപയോഗിച്ച്, ഭൂമിയില്‍ മാത്രമല്ല, ആകാശത്തും തെരഞ്ഞെടുപ്പ് പോരാട്ടം നടന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രചാരണത്തിന്റെ അവസാന ദിവസം ആർജെഡി നേതാവ് തേജസ്വി യാദവ് അർവാൾ, റോഹ്താസ്, ജെഹനാബാദ് എന്നിവിടങ്ങളിൽ 16 റാലികൾ നടത്തി. രണ്ട് ഘട്ടങ്ങളിലായി 84 റാലികളാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തത്. അതിൽ 73 റാലികളിലും അദ്ദേഹം വിമാനമാർഗം സഞ്ചരിച്ചു.

ഇത്രയും ഹെലികോപ്റ്ററുകൾ മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്ന് ബെട്ടിയയിൽ നിന്നുള്ള 45കാരനായ കർഷകന്‍ രാം സേവക് പറയുന്നു.ഹെലികോപ്റ്റര്‍  ഇറങ്ങുമ്പോൾ പൊടിപടലങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളുടെ ആകാശ പ്രചാരണം സമയലാഭത്തിന്റെയും  പണമിടപാടിന്റെയും രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ദ്ധയായ ഡോ. ആരതി സിംഗ് പറയുന്നു. നേതാക്കളെ വേഗത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടെങ്കിലും താഴേത്തട്ടിലുള്ള തൊഴിലാളികളുടെ  കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ ഒരിക്കലും കഴിയില്ലെന്നാണ് ചിലരുടെ അഭിപ്രായം. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News