'സ്വാതന്ത്ര്യ സമര സേനാനിയെ അപകീർത്തിപ്പെടുത്തി'; സവർക്കർ വിരുദ്ധ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന സവർക്കറുടെ കത്ത് രാഹുൽ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു

Update: 2022-11-18 04:48 GMT
Editor : Lissy P | By : Web Desk

മുംബൈ: സവർക്കർ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ കേസെടുത്തു. ഷിൻഡെ പക്ഷ ശിവസേന നേതാവ് സുഹാസ് ഡോംഗ്രെ നൽകിയ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തത്. രാഹുല്‍ ഗാന്ധി  സ്വാതന്ത്ര്യ സമര സേനാനിയെ അപകീർത്തിപ്പെടുത്തുകയും നാട്ടുകാരുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്നും പരാതിയില്‍  പറയുന്നു. ഐ.പി.സി  500, 501 പ്രകാരം പൊലീസ്  രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.

ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന വി.ഡി. സവർക്കറുടെ കത്ത് രാഹുൽഗാന്ധി കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. 'സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു' ഇംഗ്ലീഷുകാർക്കായി സവർക്കർ എഴുതിയ കത്തിലെ വാചകങ്ങളും രാഹുൽ വാർത്തസമ്മേളനത്തിൽ വായിച്ചിരുന്നു.

Advertising
Advertising

ഈ കത്ത് ഫഡ്‌നവിസടക്കം ആർക്കും വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ കത്ത് താനെഴുതിയതല്ലെന്നും സവർക്കർ എഴുതിയതാണെന്നും അദ്ദേഹം ഇംഗ്ലീഷുകാരെ സഹായിച്ചുവെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ട നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

തന്റെ മുത്തച്ഛനായ വി.ഡി സവർക്കറിനെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധിക്കെതിരെ സവർക്കറുടെ കൊച്ചുമകനായ രഞ്ജിത് സവർക്കററും പരാതി നൽകിയിരുന്നു. ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്. മഹാരാഷ്ട്ര കോൺഗ്രസ് തലവൻ നാന പട്ടോളക്കെതിരെയും ഇത്തരം പ്രസ്താവനകൾ നടത്തിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനാ ഉദ്ധവ് ബാൽതാക്കറെ വിഭാഗം രാഹുലിന്റെ നിലപാടിനെതിരെ രംഗത്തെത്തി. 'ഞങ്ങൾ രാഹുൽ പറഞ്ഞതുമായി യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. എന്നാൽ ഈ സമയത്ത് തങ്ങളെ ചോദ്യം ചെയ്യുന്ന ബിജെപിയോട് ചോദിക്കാനുള്ളത് അവർ എന്തുകൊണ്ട് പിഡിപിയോടൊത്ത് ജമ്മുകശ്മീർ ഭരിച്ചുവെന്നാണ്' ഉദ്ദവ് താക്കറെ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News