ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി സർക്കാർ ഭയത്തിൻ്റെയും അഴിമതിയും വഴിയാണ് ഭരണം നടത്തുന്നതെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ പാർട്ടി പ്രവർത്തകർ മനസിലെ ഭയം നീക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭയപ്പെടുത്തലിൻ്റെയും അഴിമതിയുടെയും ശക്തിയിലൂടെയാണ് ബിജെപി 30 വർഷമായി സംസ്ഥാനം ഭരിച്ചത്. ഇപ്പോൾ, ഭയം നീക്കം ചെയ്യേണ്ട സമയമായിയെന്ന് അദ്ദേഹം പറഞ്ഞു. സാനന്ദിലെ ലോദേരിയിൽ നടന്ന ആം ആദ്മി പാർട്ടി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർ ആളുകളെ ജയിലിലേക്ക് അയയ്ക്കുമെന്ന് ഭയപ്പെടുത്തുന്നു. അവർക്ക് നിങ്ങളെ ജയിലിലേക്ക് അയയ്ക്കാൻ മാത്രമേ കഴിയൂ, നിങ്ങളുടെ കഴുത്തു ഞെരിക്കാൻ കഴിയില്ല. ജയിലിനെ ഭയപ്പെടേണ്ടതില്ലെന്നും പ്രവർത്തകരോട് കെജ്‌രിവാൾ പറഞ്ഞു.
ജയിലിലായ എഎപിയുടെ ഗുജറാത്തിലെ നേതാക്കളായ പ്രവീൺ റാം, രാജു കർപാഡ എന്നിവരുടെയും ബിജെപി സർക്കാർ നിരവധി തവണ ജയിലിലടച്ച ചൈതർ വാസവയുടെയും ഉദാഹരണങ്ങൾ അദ്ദേഹം ഓർമിച്ചു. റാമും കർപാഡയും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
"അവർ എന്നെ ജയിലിലടച്ചു. ഞാൻ ആറുമാസം ജയിലിൽ കിടന്നു. ജയിലിനെ പേടിക്കേണ്ടതില്ല. ഞങ്ങൾ മോഷണം നടത്തിയിട്ടില്ല. ഞങ്ങളുടെ മേൽ കള്ളക്കേസുകൾ ചുമത്തി. എഎപിയുടെ ഉന്നത നേതാക്കളെ ജയിലിലേക്ക് അയച്ചാൽ പാർട്ടി തകരുമെന്ന് അവർ കരുതി. പക്ഷെ എഎപി തകർന്നിട്ടില്ല, ഗുജറാത്തിൽ അധികാരത്തിൽ വരും" ഡൽഹിയിൽ ജയിലിലടയ്ക്കപ്പെട്ട സഞ്ജയ് സിംഗ്, സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ തുടങ്ങിയ എഎപിയുടെ നേതാക്കളുമായി ബന്ധപ്പെട്ട സംഭവങ്ങളെ ഉദ്ധരിച്ച് കെജ്‌രിവാൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ഭരണകക്ഷിയായ ബിജെപി ഇഡി, സിബിഐ, പൊലീസ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് ആളുകളെ ജയിലിലടയ്ക്കുമെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. തങ്ങളെല്ലാവരും ജയിലിൽ പോകാൻ തയ്യാറാണെങ്കിൽ, ഗുജറാത്തിലെ അധികാര മാറ്റം ആർക്കും തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിലെ നിക്കോളിലെ ഒരു സ്വകാര്യ സ്ഥലത്താണ് ആം ആദ്മി പാർട്ടി സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത് . എന്നാൽ, ഭരണകക്ഷിയായ ബിജെപിയുടെ സമ്മർദ്ദത്തെ തുടർന്ന് സ്ഥലത്തിൻ്റെ ഉടമ അനുമതി പിൻവലിച്ചതിനെത്തുടർന്ന് പരിപാടി സാനന്ദിലെ ലോഡെരിയാൽ ഗ്രാമത്തിലെ ഒരു ഫാമിലേക്ക് മാറ്റുകയായിരുന്നു. ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ നിക്കോൾ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്.
കൺവെൻഷന്റെ വേദി മാറ്റം ഭരണകക്ഷിയായ ബിജെപിയാണെന്ന് എഎപി ആരോപിച്ചു. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും 20 ദിവസം മുമ്പേ പൂർത്തിയാക്കിയിരുന്നു. പരിപാടിക്കായി ഒരു സ്വകാര്യ പാർട്ടി പ്ലോട്ട് ബുക്ക് ചെയ്തിരുന്നു. പൊലീസിനെ മുൻകൂട്ടി അറിയിക്കുകയും, ശബ്ദ സംവിധാനങ്ങളും കസേരകളും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നു. അവസാന നിമിഷം, ഉടമയ്ക്ക് മേൽ ബിജെപി അംഗങ്ങൾ ചെലുത്തിയ ഭീഷണിയും സമ്മർദ്ദവും കാരണം, പരിപാടി റദ്ദാക്കാൻ നിർബന്ധിതരായതായി ആം ആദ്മി നേതാക്കൾ പറഞ്ഞു.