'പെൺകുട്ടികളുടെ അടിവസ്ത്രം അഴിക്കുന്നതും അവർക്ക് മുന്നിൽ നഗ്നരാകുന്നതും ബലാത്സംഗശ്രമമല്ല'; രാജസ്ഥാൻ ഹൈക്കോടതി

33 വർഷം പഴക്കമുള്ള കേസിലാണ് കോടതിയുടെ വിവാദപരമായ വിധി

Update: 2024-06-13 11:04 GMT

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അടിവസ്ത്രമഴിക്കുന്നതും അവർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. 33 വർഷം പഴക്കമുള്ള കേസിലാണ് കോടതിയുടെ വിവാദപരമായ വിധി. ജസ്റ്റിസ് അനൂപ് കുമാർ ധണ്ഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അടിവസ്ത്രം നീക്കം ചെയ്യുന്നതും അവർക്ക് മുന്നിൽ സ്വയം വസ്ത്രമഴിക്കുന്നതും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ സെക്ഷൻ 376ലോ 511ലോ ഉൾപ്പെടുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇത് സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്നതായേ കണക്കാക്കാനാവൂ എന്നും കോടതി പറയുന്നു.

Advertising
Advertising

പരാതിക്കാരന്റെ ചെറുമകൾക്ക് 6 വയസ്സ് പ്രായമുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. പൊതുപൈപ്പിൽ നിന്ന് വെള്ളം കുടിച്ചു കൊണ്ടിരിക്കെ പ്രതി തൊട്ടടുത്തുള്ള ധർമശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി ഒച്ച വച്ചതോടെ സമീപപ്രദേശത്തുള്ളവരെത്തി കുട്ടിയെ രക്ഷപെടുത്തി. പ്രതി ഉടൻ സ്ഥലത്ത് നിന്ന് കടന്നു.

തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കുട്ടിയുടെയും തന്റെയും വസ്ത്രങ്ങൾ പ്രതി അഴിച്ചു എന്നല്ലാതെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന് പരാതിയിലെവിടെയും പറയുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വസ്ത്രമഴിക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബലാത്സംഗം കുറ്റമായി കണക്കാക്കുന്നതിന് മൂന്ന് സ്‌റ്റേജുകളുണ്ടെന്ന് കോടതി ഇതിന് വിശദീകരണം നൽകിക്കൊണ്ട് പറയുകയും ചെയ്തു.

ബലാത്സംഗം ചെയ്യുന്നതിനുള്ള സാഹചര്യവും സന്ദർഭവും പ്രോത്സാഹിപ്പിക്കുക, ഇതിനായി തയ്യാറെടുപ്പുകൾ നടത്തുക, പിന്നീട് ഇവയെല്ലാം പ്രാവർത്തികമാക്കുക. ഇതിലൊരു നീക്കവും പ്രസ്തുത കേസിലെ പ്രതി നടത്തിയിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ബലാത്സംഗശ്രമങ്ങൾക്ക് ഉദ്ദാഹരണങ്ങളായി ദാമോദർ ബെഹറ കേസും സിട്ടു രാജസ്ഥാൻ കേസും ഉദ്ധരിക്കാനും കോടതി മറന്നില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News