റിട്ട. ജസ്റ്റിസ് ഡോ. എസ്. മുരളീധർ അധിനിവിഷ്ട ഫലസ്തീനിലെ നിയമലംഘനങ്ങൾ അന്വേഷിക്കാനുള്ള യുഎൻ കമ്മീഷന്റെ ചെയർമാൻ

ആരോപിക്കപ്പെടുന്ന എല്ലാ ലംഘനങ്ങളും പരിശോധിക്കുക, ഉത്തരവാദികളെ തിരിച്ചറിയുക, ഇരകൾക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ ശിപാർശകൾ നൽകുക എന്നിവയാണ് കമ്മീഷന്റെ ചുമതല.

Update: 2025-11-28 17:28 GMT

ന്യൂഡൽഹി: അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിലെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഐക്യരാഷ്ട്രസഭാ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ ചെയർമാനായി ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ. എസ്. മുരളീധർ. ഗസ്സയ്ക്കെതിരായ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് യുഎന്നിന്റെ മനുഷ്യാവകാശ അന്വേഷണങ്ങളിലൊന്നിന്റെ തലപ്പത്ത് ഒരു ഇന്ത്യൻ നിയമജ്ഞൻ നിയമിതനാകുന്നത്.

മേഖലയിലെ അന്താരാഷ്ട്ര മാനുഷിക- മനുഷ്യാവകാശ നിയമ ലംഘനങ്ങൾ അന്വേഷിക്കാനായി യുഎൻ മനുഷ്യാവകാശ കൗൺസിൽ സ്ഥാപിച്ച മൂന്നംഗ കമ്മീഷന്റെ തലവനായാണ് ഡോ. മുരളീധറിന്റെ നിയമനം. ബ്രസീലിയൻ വിദഗ്ദ്ധനായ പൗലോ സെർജിയോ പിൻഹീറോയുടെ പിൻഗാമിയാണ് അദ്ദേഹം. സാംബിയയുടെ ഫ്ലോറൻസ് മുംബ, ആസ്ത്രേലിയയുടെ ക്രിസ് സിഡോത്തി എന്നിവരാണ് കമ്മീഷനിലെ മറ്റ് അം​ഗങ്ങൾ. മുമ്പ് അം​ഗമായിരുന്ന സിഡോത്തിയെ കമ്മീഷനിൽ വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു.

Advertising
Advertising

ആരോപിക്കപ്പെടുന്ന എല്ലാ ലംഘനങ്ങളും പരിശോധിക്കുക, ഉത്തരവാദികളെ തിരിച്ചറിയുക, ഇരകൾക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ ശിപാർശകൾ നൽകുക എന്നിവയാണ് കമ്മീഷന്റെ ചുമതല. 2021ലാണ് യുഎൻ സ്വതന്ത്ര അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തും ഇസ്രായേലിലും നടന്ന എല്ലാ അന്താരാഷ്ട്ര മാനുഷിക നിയമലംഘനങ്ങളും മനുഷ്യാവകാശ നിയമ ദുരുപയോഗങ്ങളും അന്വേഷിക്കാൻ സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര അന്വേഷണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് 2021ലെ മനുഷ്യാവകാശ കൗൺസിൽ പ്രമേയം എസ്-30/1 വഴിയാണ് കമ്മീഷന് രൂപം നൽകിയത്.

ദേശ- വംശ- മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥാപിത വിവേചനത്തിന്റെയും അടിച്ചമർത്തലിന്റേയും രീതികൾ ഉൾപ്പെടെയുള്ള‌ നിരന്തര പ്രതിസന്ധികൾ, അസ്ഥിരത, സംഘർഷം നീണ്ടുനിൽക്കുന്ന അവസ്ഥ എന്നിവയുടെ അടിസ്ഥാന കാരണങ്ങൾ പരിശോധിക്കാൻ പ്രമേയം കമ്മീഷനോട് നിർദേശിച്ചിരുന്നു. കുടിയേറ്റക്കാരെക്കുറിച്ചും 2023 ഒക്ടോബർ ഏഴ് മുതൽ ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികൾക്കുള്ള ആയുധ വിൽപ്പനയെക്കുറിച്ചും റിപ്പോർട്ടുകൾ അവതരിപ്പിക്കാനും കൗൺസിൽ കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്.

മനുഷ്യാവകാശ കൗൺസിലിനും യുഎൻ ജനറൽ അസംബ്ലിക്കും കമ്മീഷൻ വർഷം തോറും റിപ്പോർട്ട് നൽകാറുണ്ട്. ഇത്തരത്തിൽ, 2025 സെപ്തംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ഇസ്രായേൽ ​ഗസ്സയിൽ ഫലസ്തീൻ ജനതയ്ക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News