അമേഠിയില്‍ റോബര്‍ട്ട് വദ്ര മത്സരിച്ചേക്കുമെന്ന് സൂചന

അമേഠിയില്‍ താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തിന് മുതിരുകയാണെങ്കില്‍ അമേഠിക്കാണ് മുന്‍ഗണന എന്നും റോബര്‍ട്ട് വദ്ര

Update: 2024-04-04 15:21 GMT
Editor : ദിവ്യ വി | By : Web Desk

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര മത്സരിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതിന്റെ സൂചനകള്‍ പുറത്തുവിട്ടതിന് പിന്നാലെ അമേഠിയില്‍ മത്സരിക്കാനുള്ള താല്പര്യം വദ്ര പങ്കുവച്ചു.

അമേഠിയില്‍ താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തിന് മുതിരുകയാണെങ്കില്‍ അമേഠിക്കാണ് മുന്‍ഗണന എന്നും റോബര്‍ട്ട് വദ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 'നിലവിലെ എംപിയായ സ്മൃതി ഇറാനിയില്‍ ജനം അസ്വസ്ഥരാണ്. അമേഠിയിലെ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോള്‍ അവര്‍ക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹം' വദ്ര പറഞ്ഞു.

Advertising
Advertising

അമേഠിയുടെ വികസനത്തെ കുറിച്ചല്ല സ്മൃതി ഇറാനിയുടെ ചിന്തയെന്നും ഗാന്ധി കുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും അവരെ താഴ്ത്തിക്കെട്ടുന്നതിലും തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതിലും മാത്രമാണ് അവര്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേഠി, റായ്ബറേലി, സുല്‍ത്താന്‍പുര്‍, ജഗ്ദീഷ് പുര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കായി ഗാന്ധി കുടുംബം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താന്‍ ഒരു എം.പിയാകാന്‍ തീരുമാനിച്ചാല്‍ അമേഠിയെ പ്രതിനിധീകരിക്കണം എന്നാണ് അവിടുത്തെ ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനൊപ്പം നിന്ന അമേഠി 2019ലാണ് പാര്‍ട്ടിക്ക് നഷ്ടമായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ബിജെപി നേതാവ് സ്മൃതി ഇറാനി പരാജയപ്പെടുത്തിയതോടെയായിരുന്നു ഇത്. സോണിയ ഗാന്ധിയുടെ കുത്തക മണ്ഡലമായ റായ്ബറേലിയും കോണ്‍ഗ്രസിന് നിര്‍ണായകമാണ്. സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറ്റൊരു പേര് തേടുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റോബര്‍ട്ട് വദ്രയുടെ പ്രസ്താവന.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News