' കര്‍ണാടകയിൽ സർക്കാർ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ ആർ‌എസ്‌എസ് പരിപാടികൾ നടത്തരുത്'; നിര്‍ദേശവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്

Update: 2025-10-14 02:26 GMT

സിദ്ധരാമയ്യ Photo| PTI

ബംഗളൂരു: സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സർക്കാരിന്‍റെ മറ്റ് ഭൂമികളുടെയും പരിസരത്ത് ആർ‌എസ്‌എസ് ശാഖാ യോഗങ്ങൾ നടത്തരുതെന്ന നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബർ 4 ന് ഖാർഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ നാലിനാണ് ഇക്കാര്യം സൂചിപ്പിച്ച് കത്തയച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പോലും ആര്‍എസ്എസ് ശാഖ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെ നടപടി ആവശ്യപ്പെട്ടത്. കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ ആര്‍എസ്എസ് വിഷം കുത്തിവെക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിക്ഷാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്‌കൂളുകളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നത്. വടികളും മറ്റും ഉപയോഗിച്ച് ആക്രണാത്മക പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിന് പൊലീസിന്‍റെ അനുമതിയില്ലെന്നും ഖാര്‍ഗെ പറയുന്നു.

Advertising
Advertising

ഇത്തരം ചെയ്തികള്‍ കുട്ടികളില്‍ ദോഷകരമായ മാനസിക ആഘാതം ഉണ്ടാക്കുമെന്നും മന്ത്രി പ്രതികരിച്ചു. ആര്‍എസ്എസിന്‍റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ആർഎസ്എസ് മുന്നോട്ടുവച്ച മൗലികവാദ പ്രത്യയശാസ്ത്രം കാരണമാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെയും ഡോ. ​​ബി.ആർ. അംബേദ്കറെയും മോശമായി പരാമർശിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്ന് എക്‌സിൽ കത്തിന്‍റെ പകർപ്പ് പങ്കുവെച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.

നിലവില്‍ സംഘിക്, ബൈഠക് എന്നീ പേരുകളില്‍ ആര്‍എസ്എസ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നാണ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.

ഹിന്ദു മതത്തെയും പശുക്കളെയും സംരക്ഷിക്കുന്നതിന്‍റെ പേരിൽ ആർ‌എസ്‌എസ് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. “ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം അപകടകരമാണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ, ആർ‌എസ്‌എസ് നേതാക്കൾ അവരുടെ വീടുകളിൽ അത് പിന്തുടരുമായിരുന്നില്ലേ? മനുസ്മൃതിയെ അനുകൂലിച്ച് ഭരണഘടനയെ എതിർത്തത് ആർ‌എസ്‌എസ് അല്ലേ?” അദ്ദേഹം ചോദിച്ചു.

എന്നാൽ ആർ‌എസ്‌എസ് പശ്ചാത്തലവും അത് നടത്തുന്ന പ്രവർത്തനങ്ങളും അറിയാത്തവർക്ക് മാത്രമേ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയൂ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ വിജയേന്ദ്ര പറഞ്ഞു. "ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രിയങ്ക് ഖാർഗെയുടെ ഈ കത്ത് അദ്ദേഹത്തിന്‍റെ മണ്ടത്തരമാണ് കാണിക്കുന്നത്," അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് രണ്ടോ മൂന്നോ തവണ ആർഎസ്എസിനെ നിരോധിച്ചിരുന്നു, പക്ഷേ പിന്നീട് നിരോധനങ്ങൾ പിൻവലിച്ചുവെന്ന് വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News