''വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം ആരുടെയെങ്കിലും ആകാംക്ഷയെ തൃപ്തിപ്പെടുത്തലല്ല''; പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റി

ആക്ടിവിസ്റ്റായ നീരജിന്റെ അപേക്ഷയിൽ 1978ൽ ബിഎ പാസായ പ്രധാനമന്ത്രിയടക്കം മുഴുവൻ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ അനുമതി നൽകിയിരുന്നു.

Update: 2025-01-14 02:43 GMT

ന്യൂഡൽഹി: മൂന്നാംകക്ഷിയുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തലല്ല വിവരാവകാശ നിയമത്തിന്റെ ലക്ഷ്യമെന്ന് ഡൽഹി യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിലായിരുന്ന സർവകലാശാലയുടെ പ്രതികരണം. വിദ്യാർഥികളുടെ സ്വകാര്യവിവരങ്ങൾ വിശ്വാസ്യതയുടെ പുറത്താണ് യൂണിവേഴ്‌സിറ്റി സൂക്ഷിക്കുന്നത്. അത് അപരിചിതർക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

പൊതുസ്ഥാപനങ്ങളുടെയോ അധികാരികളുടെയോ പ്രവർത്തനത്തിലെ സുതാര്യതയോടും ഉത്തരവാദിത്തത്തോടും ബന്ധമില്ലാത്ത വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും തുഷാർ മെഹ്ത പറഞ്ഞു.

Advertising
Advertising

1978ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിഎ ഡിഗ്രി പാസായി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ആക്ടിവിസ്റ്റായ നീരജിന്റെ അപേക്ഷയിൽ 1978ൽ ബിഎ പാസായ മുഴുവൻ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016 ഡിസംബർ 21ന് അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് യൂണിവേഴ്‌സിറ്റി കോടതിയെ സമീപിച്ചത്. 2017 ജനുവരി 23ന് വിവരാവകാശ കമ്മീഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

''എനിക്ക് യൂണിവേഴ്‌സിറ്റിയിൽ പോയി എന്റെ ഡിഗ്രി സർട്ടിഫിക്കറ്റോ മാർക്ക് ഷീറ്റോ ആവശ്യപ്പെടാം. എന്നാൽ മൂന്നാമതൊരാൾക്ക് അതിന് കഴിയില്ല. വിവരാവകാശ നിയമപ്രകാരം അപ്രായോഗികവും വിവേചന രഹിതവുമായി എല്ലാ വിവരങ്ങളും വെളിപ്പെടുത്തുന്നത് ഭരണത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. നിലവിൽ അപേക്ഷകൻ 1978ൽ പാസായ മുഴുവനാളുകളുടെയും വിവരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരാൾ വന്ന് 1979ൽ പാസായവരുടെ വിവരങ്ങളും മൂന്നാമതൊരാൾ 1964ലെ വിവരങ്ങളും ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും? ഈ സർവകലാശാല 1922ൽ സ്ഥാപിച്ചതാണ്'' - തുഷാർ മെഹ്ത പറഞ്ഞു.

സിഐസി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് ഡൽഹി സർവകലാശാല അറിയിച്ചു. മൂന്നാമതൊരാളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. പൊതുതാത്പര്യമുള്ള വിവരങ്ങൾ മാത്രമാണ് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടത്. പ്രധാനമന്ത്രിയടക്കം 1978ൽ ഡിഗ്രി പാസായ മുഴുവനാളുകളുടെയും വിവരങ്ങൾ പരിശോധിക്കാൻ അനുവദിച്ചതിലൂടെ വിവരാവകാശ നിയമത്തെ തമാശയാക്കി മാറ്റിയെന്നും ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ഹരജിയിൽ പറയുന്നു. ഹരജി ജനുവരി അവസാനത്തിൽ വീണ്ടും പരിഗണിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News