ഇലക്ടറൽ ബോണ്ട് കേസ്: ഹരീഷ് സാൽവേയുടെ ഫീസ് വെളിപ്പെടുത്താനാകില്ലെന്ന് എസ്.ബി.ഐ

സാമൂഹിക പ്രവർത്തകൻ അജയ് ബോസിന്‍റെ ആർ.ടി.ഐ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി

Update: 2024-04-13 11:41 GMT
Editor : Shaheer | By : Web Desk
ഹരീഷ് സാല്‍വേ(ഇടത്ത്)
Advertising

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയ്ക്കു നൽകിയ ഫീസ് വെളിപ്പെടുത്താൻ വിസമ്മതിച്ച് എസ്.ബി.ഐ. വിവരാവകാശ(ആർ.ടി.ഐ) പ്രകാരമുള്ള അന്വേഷണത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി. വിവരം വെളിപ്പെടുത്താനാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രിംകോടതിയിൽ എസ്.ബി.ഐയ്ക്കു വേണ്ടി വാദിച്ചത് ഹരീഷ് സാൽവേ ആയിരുന്നു. സാമൂഹിക പ്രവർത്തകൻ അജയ് ബോസ് ആണ് കേസിൽ സാൽവേയ്ക്കു നൽകുന്ന ഫീസ് വെളിപ്പെടുത്താൻ ആർ.ടി.ഐ പ്രകാരം അപേക്ഷ നൽകിയത്. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് അഭിഭാഷകന് ഫീസ് നൽകുന്നത്. എന്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട വിവരം എസ്.ബി.ഐ മറച്ചുവയ്ക്കുന്നതെന്നും അപേക്ഷയിൽ അജയ് ബോസ് ചോദിച്ചു.

എന്നാൽ, ആർ.ടി.ഐ നിയമപ്രകാരം പരസ്യമാക്കേണ്ട വിവരങ്ങളിൽനിന്ന് ഒഴിവാക്കിയ വിശദാംശങ്ങളാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മറുപടിയിൽ എസ്.ബി.ഐ പറഞ്ഞു. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഒരു പുറത്തുനിന്നുള്ള കക്ഷിയുടെ വ്യക്തിവിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ആർ.ടി.ഐ എട്ട്(1) (ഇ), (ജെ) വകുപ്പുകൾ പ്രകാരം വെളിപ്പെടുത്തേണ്ട വിവരങ്ങളിൽനിന്ന് ഒഴിവാക്കിയവയാണ്. ഇതോടൊപ്പം വാണിജ്യ സ്വഭാവം കൂടിയുള്ളതാണ്. അതുകൊണ്ട് വിവരങ്ങൾ നൽകാനാകില്ലെന്നാണ് എസ്.ബി.ഐ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ, ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയ ആർ.ടി.ഐ അപേക്ഷയും എസ്.ബി.ഐ തള്ളിയിരുന്നു. ബാങ്കിന്റെ അധികാര പരിധിയിലുള്ള വ്യക്തിവിവരങ്ങളാണെന്നാണ് അതിനും കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. സാമൂഹിക പ്രവർത്തകനും മുൻ സൈനികനുമായ ലോകേഷ് ബാത്രയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സമ്പൂർണമായി ഡിജിറ്റൽ രൂപത്തിൽ വെളിപ്പെടുത്തണമെന്ന് ആർ.ടി.ഐ അപേക്ഷയിൽ ആവശ്യപ്പെട്ടത്.

Summary: SBI refuses to share details of legal fees paid to Senior Advocate Harish Salve in Electoral bond case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News