'സന്ദേശം നൽകാൻ പറ്റിയ പ്രഭാതം': ചെങ്കോട്ടക്ക് മുന്നിലുള്ള സ്‌ഫോടനത്തിന് പിന്നാലെ യുഎപിഎ കേസിൽ ജാമ്യം നിഷേധിച്ച് സുപ്രിംകോടതി
ഐഎസ് ഗൂഢാലോചനയിൽ പങ്കാളിയെന്നാരോപിച്ച് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത സയ്യിദ് മാമൂർ അലി നൽകിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്
ന്യൂഡല്‍ഹി: ഐഎസ് ഗൂഢാലോചനയില്‍ പങ്കാളിയെന്നാരോപിച്ച് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തയാളുടെ ജാമ്യം നിഷേധിക്കവേ, 'ഒരു സന്ദേശം നൽകാൻ ഏറ്റവും മികച്ച പ്രഭാതമാണിതെന്ന്' സുപ്രിംകോടതി. തിങ്കളാഴ്ച വൈകീട്ട് ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
യുഎപിഎ കേസിൽ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സയ്യിദ് മാമൂർ അലി നൽകിയ ഹർജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ചെങ്കോട്ടക്കടുത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഈ കേസ് വാദിക്കാൻ ഉചിതമായ പ്രഭാതമല്ല ഇതെന്ന് പ്രതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു സന്ദേശം നൽകാൻ ഇതാണ് ഏറ്റവും മികച്ച പ്രഭാതമെന്നു പറഞ്ഞ സുപ്രിംകോടതി, ജാമ്യഹർജി തള്ളുകയായിരുന്നു.
എൻഐഎ അന്വേഷിക്കുന്ന കേസിൽ 2023 മേയിലാണ് സയിദ് മാമൂർ അലി അറസ്റ്റിലായത്. ജബൽപൂർ ഓർഡനൻസ് ഫാക്ടറി ആക്രമിക്കാന്‍ ആയുധങ്ങൾ വാങ്ങുന്നതിനായി ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അതേസമയം കേസിൽ എന്തെങ്കിലും കണ്ടെടുത്തിട്ടുണ്ടോയെന്ന് സുപ്രിംകോടതി ചോദിച്ചു. ഇസ്‌ലാമികഗ്രന്ഥങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ ഐഎസിന്റേതിന് സമാനമായ പതാകയുള്ള വാട്‌സാപ്പ് ഗ്രൂപ്പാണ് ഉണ്ടാക്കിയതെന്ന ആരോപണമുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അതിനുപിന്നിലെ ലക്ഷ്യമെന്തായിരുന്നെന്നും ജസ്റ്റിസ് സന്ദീപ് മേത്ത കൂടിയടങ്ങിയ ബെഞ്ച് ചോദിച്ചു.
തന്റെ കക്ഷി രണ്ട് വർഷത്തിലേറെയായി ജയിലിലാണെന്ന് പ്രതിയുടെ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി. ആർഡിഎക്സോ സ്ഫോടകവസ്തുക്കളോ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും തന്റെ കക്ഷി 70 ശതമാനം അംഗപരിമിതനാണെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ജാമ്യം നൽകാൻ സുപ്രിംകോടതി വിസമ്മതിക്കുകയായിരുന്നു. വിചാരണ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.