അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രിംകോടതി
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ മഹമൂദാബാദിന് ഒരാഴ്ച മുമ്പാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
ന്യൂഡൽഹി: അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രിംകോടതി. പ്രൊഫസറുടെ അഭിപ്രായ സ്വാതന്ത്രത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ജാമ്യം നീട്ടി നൽകിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ മഹമൂദാബാദിന് ഒരാഴ്ച മുമ്പാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.
മഹ്മൂദാബാദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകാനും കോടതി ഹരിയാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ സിങ് എന്നിവരുടെ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും കേസിൽ അന്വേഷണം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചിരുന്നു. കേസിന്റെ അന്വേഷണത്തിന് മുതിർന്ന ഐപിഎസ് ഓഫീസർമാർ ഉൾപ്പെടുന്ന മൂന്നംഗ അന്വേഷണസംഘം രൂപീകരിക്കണമെന്നും അതിൽ ഒരാൾ വനിതയായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വനിതാ സൈനിക ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷിയേയും വിങ് കമാൻഡർ വ്യോമിക സിങ്ങിനെയും നിയോഗിച്ചതിനെ കുറിച്ചായിരുന്നു മഹ്മൂദാബാദിന്റെ കുറിപ്പ്. കേണൽ ഖുറേഷിയെ അഭിനന്ദിക്കുന്ന വലതുപക്ഷക്കാർ ആൾക്കൂട്ട ആക്രമണങ്ങൾക്കും ഏകപക്ഷീയമായ കെട്ടിടംപൊളിക്കലുകൾക്കും ഇരയാകുന്നവർക്കും സംരക്ഷണം ആവശ്യപ്പെടണമാണ് എഴുതിയത്. വനിതാ ഉദ്യോഗസ്ഥർ നടത്തിയ പത്രസമ്മേളനങ്ങൾ വെറും കാഴ്ചകളാണെന്നും അവയെ യാഥാർഥ്യത്തിലേക്ക് വിവർത്തനം ചെയ്തില്ലെങ്കിൽ വെറും കാപട്യം മാത്രമാകുമെന്നും പ്രൊഫസർ കുറിച്ചിരുന്നു. മേയ് 18-നാണ് അലി ഖാൻ മഹ്മൂദാബാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡയിൽ റിമാൻഡ് ചെയ്തിരുന്നു.