വർധിപ്പിച്ച ഫീസ് ഇഎംഐയായി അടക്കാമെന്ന് ബെംഗളൂരുവിലെ സ്‌കൂളുകൾ; സ്വകാര്യ പണമിടപാടുകാരെ ഉൾപ്പെടുത്തിയുള്ള പദ്ധതിയിൽ ആശങ്കാകുലരായി രക്ഷിതാക്കൾ
രക്ഷിതാക്കൾക്ക് സ്‌കൂളിലടക്കാനുള്ള ഫീസ് സ്വകാര്യ പണമിടപാടുകാർ ലോണായി നൽകുകയും പിന്നീട് നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പണം അടച്ചു തീർക്കുകയും ചെയ്യുന്നതാണ് സ്‌കൂളുകൾ അവതരിപ്പിച്ച പദ്ധതിയുടെ രൂപം.
ബെംഗളൂരു: ബെംഗളൂരുവിലെ സ്‌കൂളുകളിൽ വർധിപ്പിച്ച ഫീസ് ഇഎംഐയായി അടക്കാമെന്ന പദ്ധതിയുമായി ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകൾ. സ്വകാര്യ പണമിടപാടുകാരെക്കൂടി ഉൾപ്പെടുത്തിയാണ് സ്‌കൂളുകളുടെ പദ്ധതി തയാറാക്കിയിരിക്കുന്നത്. രക്ഷിതാക്കൾക്ക് സ്‌കൂളിലടക്കാനുള്ള ഫീസ് സ്വകാര്യ പണമിടപാടുകാർ ലോണായി നൽകുകയും പിന്നീട് നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പണം അടച്ചു തീർക്കുകയും ചെയ്യുന്നതാണ് സ്‌കൂളുകൾ അവതരിപ്പിച്ച പദ്ധതിയുടെ രൂപം.
രക്ഷിതാക്കളുടെ ഭാരം ലഘൂകരിക്കാനെന്ന രീതിയിൽ അവതരിപ്പിച്ച പദ്ധതി വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം നേരിടുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതിനെതിരെ നിരവധി തവണ സർക്കാരിന്റെ ഇടപെടലാവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായിട്ടില്ല. ഫൈനാൻസിയേഴ്‌സിനെ ഉൾപ്പെടുത്തിയുള്ള ഇഎംഐ സംവിധാനത്തിലൂടെ അടിസ്ഥാന വിദ്യാഭ്യാസത്തെ കടക്കെണിയിലേക്കുള്ള വഴിയാക്കുകയാണ് സ്‌കൂളുകൾ ചെയ്യുന്നതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പ്രധാന പ്രശ്‌നമായ വിദ്യാഭ്യാസം താങ്ങാനാവുന്ന പരിധിയിൽ നിലനിർത്താനുള്ള ചട്ടക്കൂടുണ്ടാക്കുന്നതിനു പകരം അമിത ഫീസ് ഈടാക്കുന്നതിനെ സാധാരണവത്കരിക്കാനുള്ള നീക്കമാണിതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ബെംഗളൂരുവിലെ നഴ്‌സറി അഡ്മിഷന്റെ ഫീസ്. ഓരോ ക്ലാസ് കൂടുന്തോറും ഫീസും കൂടും. യാത്ര, യൂണിഫോം, പുസ്തകങ്ങൾ, തുടങ്ങിയവ കൂട്ടാതെയാണിത്. ഇതിനിടയിലാണ് വലിയ തുക പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുമായി ചേർന്ന് ഫീസടക്കാനുള്ള നിർദേശം സ്‌കൂളുകൾ മുന്നോട്ട് വെക്കുന്നത്. ലോണുകൾ തിരിച്ചടക്കുന്നത് കുടുംബങ്ങൾക്ക് വലിയ ഭാരമായിരിക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.
' വലിയ തുക പലിശയായി അടക്കേണ്ടി വരുന്നത് സാമ്പത്തികമായി വലിയ സമ്മർദമാണുണ്ടാക്കുന്നത്. മിക്കപ്പോഴും പണം തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഇടപാടുകാരിൽ നിന്ന് ഉപദ്രവങ്ങളടക്കം സഹിക്കേണ്ടി വരാറുണ്ട്.' രക്ഷിതാക്കളിലൊരാളായ ശാലിനി കാമത്ത് പറഞ്ഞു. ലോണിന്റെ നിബന്ധനകൾ, പലിശ നിരക്ക് തുടങ്ങിയവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകാത്തതിനാൽ പലരും താങ്ങാനാവാത്ത പണമിടപാടുകളിൽ തലവെക്കുന്ന സ്ഥിതിയുണ്ടെന്നും ശാലിനി പറയുന്നു.
വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ട് സ്‌കൂളുകൾക്കെതിരെയും ഉൾപ്പെട്ട് ഫൈനാൻസിയേഴ്‌സിനെതിരെയും ശക്തമായ നടപടിയെടുക്കണമെന്നാണ് കർണാടക പ്രൈവറ്റ് സ്‌കൂൾ ആന്റ് കോളേജ് പാരന്റ്‌സ് പ്രസിഡന്റ് ബി.എൻ യോഗാനന്ദ ആവശ്യപ്പെട്ടു.