'മതേതരത്വം കോൺഗ്രസിന്‍റെ കാതൽ, മതനിരപേക്ഷതയ്ക്കായി നിർഭയം പോരാടൂ'; പ്രവര്‍ത്തകരോട് രാഹുൽ ഗാന്ധി

ബുധനാഴ്ച നടക്കാൻ പോകുന്ന എഐസിസി സമ്മേളനത്തിൽ അംഗീകരിക്കേണ്ട പ്രധാന പ്രമേയത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ

Update: 2025-04-09 04:06 GMT
Editor : Jaisy Thomas | By : Web Desk

അഹമ്മദാബാദ്: മതേതരത്വം കോൺഗ്രസിന്‍റെ കാതലായ ഭാഗമാണെന്നും പാർട്ടി അതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും എല്ലാ വിശ്വാസങ്ങളിലുമുള്ള വിശ്വാസികൾക്കും തുല്യ ബഹുമാനം നൽകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിനെ ഒരു സമുദായത്തിന്‍റെ മതത്തിന്‍റെ പാർട്ടിയായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടക്കാൻ പോകുന്ന എഐസിസി സമ്മേളനത്തിൽ അംഗീകരിക്കേണ്ട പ്രധാന പ്രമേയത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ.

ധ്രുവീകരണത്തെ ചെറുക്കുന്നതിനുള്ള പാർട്ടിയുടെ തന്ത്രത്തെക്കുറിച്ചുള്ള ശശി തരൂർ ഉൾപ്പെടെയുള്ള സിഡബ്ല്യൂസി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി, വിശ്വാസം കാരണം ഒരു വ്യക്തി ആക്രമിക്കപ്പെടുകയാണെങ്കിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു മുസ്‍ലിമോ ക്രിസ്ത്യാനിയോ സിഖുകാരോ ആക്രമിക്കപ്പെട്ടാൽ കൂടെ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1991 ന് ശേഷം മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി)ക്കിടയിൽ കോൺഗ്രസിന് പിന്തുണ നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ജനസംഖ്യയുടെ ഏകദേശം 50% വരുന്ന ഒബിസി വിഭാഗങ്ങളെയും 22% വരുന്ന ദലിതരെയും 22% വരുന്ന ആദിവാസികളെയും 15% വരുന്ന ന്യൂനപക്ഷങ്ങളെയും അവഗണിച്ചുകൊണ്ട് രാജ്യത്തിന് പുരോഗതി കൈവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

രാജ്യത്ത് വർഗീയ ധ്രുവീകരണവും കോർപറേറ്റ് കുത്തകകളെ അടിച്ചേൽപിക്കലും ബിജെപി നടത്തുന്നതായി കോൺഗ്രസ് അധ്യക്ഷൻ‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും പൈതൃകം തട്ടിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഗാന്ധിജിയുടെ വടിയും കണ്ണടയും അവർ തട്ടിയെടുത്തേക്കും. പക്ഷേ, ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാൻ അവർക്കാവില്ല. ആർഎസ്എസിന്‍റെ ആശയങ്ങളോട് പട്ടേലിന് പൂർണ എതിർപ്പായിരുന്നു. ആർഎസ്എസിനെ നിരോധിച്ചത് അദ്ദേഹമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

എഐസിസി സമ്മേളനം ഇന്ന് അഹമ്മദാബാദില്‍ ചേരും. സബർമതി തീരത്ത് നടക്കുന്ന സമ്മേളനത്തിൽ 1700 നേതാക്കൾ പങ്കെടുക്കും. ഡിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ചർച്ചയാകും. വഖഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രമേയം പാസാക്കും. പാർട്ടിയിലെ പുനസംഘടനാ ചർച്ച അടുത്ത ആഴ്ച ആരംഭിക്കും. ഭൂരിപക്ഷം ഡിസിസി അധ്യക്ഷന്മാരും മാറും. വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും പിസിസി അധ്യക്ഷൻമാരെ മാറ്റുന്നതിൽ തീരുമാനം. ഡിസിസി അധ്യക്ഷ പദവിയിലേക്ക് വനിത,ഒബിസി,ദലിത് പ്രാതിനിധ്യം ഉറപ്പാക്കും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News