സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹരജി സുപ്രിംകോടതി തള്ളി

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്

Update: 2023-11-28 07:47 GMT
Editor : Jaisy Thomas | By : Web Desk

സെന്തില്‍ ബാലാജി

Advertising

ഡല്‍ഹി: തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യഹരജി സുപ്രിംകോടതി തള്ളി. സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ സുപ്രിംകോടതി നിർദേശിച്ചു.ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

“നിങ്ങളുടെ രോഗം ഗുരുതരമോ ജീവന് ഭീഷണിയോ ഉള്ളതായി തോന്നുന്നില്ല,” ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തമിഴ്നാട് പുഴല്‍ ജയിലില്‍ കഴിയുന്ന ബാലാജിയെ കഴിഞ്ഞ ഒക്ടോബറിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്യുന്ന സമയത്തും സെന്തിലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 14നാണ് സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News