വിദേശരാജ്യങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം ഇന്ത്യയിലെത്തിച്ച് വില്‍പന; 4.3 കോടി വിലമതിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുമായി ഏഴ് പേര്‍ പിടിയില്‍

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പഴകിയ ഭക്ഷണങ്ങള്‍ ഇന്ത്യയിലെ ഷോപ്പിങ് മാളുകള്‍, ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി

Update: 2025-12-24 05:51 GMT

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം ഇന്ത്യയിലെത്തിച്ച് വില്‍പ്പന നടത്തിയ സംഘത്തിലെ ഏഴ് പേര്‍ പിടിയില്‍. യുകെ, യുഎസ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന കാലഹരണപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇന്ത്യയിലെ കച്ചവടകേന്ദ്രങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന സംഘത്തെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ഇവരില്‍ 4.3 കോടിയോളം വിലവരുന്ന പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡല്‍ഹി പൊലീസ് കണ്ടുകെട്ടി.

മുഖ്യആസൂത്രകനായ സംഘത്തലവന്‍ അടക്കം പിടിയിലായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പഹര്‍ ധീരജ്, ഫായിസ് ഗഞ്ച്, സദര്‍ ബസാര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റ് പരിസരങ്ങളില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പുകാരെ പിടികൂടാനായതെന്ന് പൊലീസ് വ്യക്തമാക്കി.

Advertising
Advertising

വിദേശത്തെ ബ്രാന്‍ഡ് മൂല്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ യഥാര്‍ത്ഥ പാക്കിങ് തീയതി മറച്ചുവെച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയുടെ പരിസരപ്രദേശങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതായി ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പഴകിയ ഭക്ഷണങ്ങള്‍ ഇന്ത്യയിലെ ഷോപ്പിങ് മാളുകള്‍, ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു ഇവരെന്നും പൊലീസ് വ്യക്തമാക്കി.

ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യസൂത്രധാരനായ അതല്‍ ജയ്‌സ്വാള്‍, ഷിവ് കൂമാര്‍, ബിശ്വജിത്ത് ദറാ, വിനോദ്, അരുണ്‍കുമാര്‍, വിജയ് കാന്ദ്, ഷമീം എന്നിവരാണ് പിടിയിലായത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News