സ്‌കൂൾ നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു

സ്‌കൂൾ അധികൃതർ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആക്ഷേപം

Update: 2025-10-31 08:29 GMT

കണ്ഡമാൽ: സ്‌കൂൾ നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു. ഒഡീഷയിലെ കണ്ഡമാലിലാണ് സംഭവം. ഒക്ടോബർ 15 നാണ് കുട്ടി നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങിയത്. ചികിത്സയിൽ ഇരിക്കെയാണ് കുട്ടിമരിച്ചത്. അതേസമയം, അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കും സംഭവത്തിൽ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.

അപകടം ഉണ്ടായ ഉടൻ സുഹൃത്തുക്കൾ അധ്യാപകരെ അറിയിച്ചെങ്കിലും ആരും ഗൗരവത്തോടെ എടുത്തില്ല. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ തന്റെ കുഞ്ഞ് മരിക്കില്ലായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. സ്‌കൂളിൽ നിന്ന് പിൻ വിഴുങ്ങിയ കുട്ടി വീട്ടിലെത്തി മുത്തച്ഛനോട് വേദനിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ പിൻ കുത്തിയിരിക്കുന്നത് കണ്ടെത്തി. തുടർന്ന് ഭുവനേശ്വറിലെ ആശുപത്രിയിൽ എത്തിച്ച് ശ്വാസകോശത്തിൽ തറച്ച പിൻ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് കുട്ടി മരിച്ചത്.

വിദ്യാർഥിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും സ്‌കൂളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ ജില്ല ഭരണകൂടത്തേയും സമീപിച്ചിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News