സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും, അതിർത്തികൾ മാറിയേക്കാം: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് എൽ.കെ അദ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറയിൽപ്പെട്ടവർ സിന്ധ് മേഖലയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു

Update: 2025-11-24 02:33 GMT

ന്യൂഡൽഹി: സിന്ധ് മേഖല ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ അതിർത്തികൾ മാറുകയും സിന്ധ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 1947ൽ വിഭജനത്തെ തുടർന്നാണ് സിന്ധു നദിക്കടുത്തുള്ള പ്രദേശമായ സിന്ധ് പ്രവിശ്യ പാകിസ്താനിലേക്ക് പോയത്. സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് എൽ.കെ അദ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറയിൽപ്പെട്ടവർ സിന്ധ് മേഖലയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് പ്രതിരോധമന്ത്രിയുടെ പരാമർശമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Advertising
Advertising

''സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയിൽപ്പെട്ടവർ ഇന്ത്യയിൽ നിന്ന് സിന്ധിനെ വേർപ്പെടുത്തുന്നത് ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് ലാൽ കൃഷ്ണ അദ്വാനി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ എഴുതിയിരുന്നു. സിന്ധിൽ മാത്രമല്ല ഇന്ത്യയിലുടനീളം ഹിന്ദുക്കുൾ സിന്ധു നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധിലെ മുസ്‌ലിംകളും സിന്ധു നദിയിലെ ജലം മക്കയിലെ സംസം ജലം പോലെ പവിത്രമെന്ന് കരുതുന്നവരാണ്. ഇത് അദ്വാനിജിയുടെ പരാമർശമാണ്''- രാജ്‌നാഥ് സിങ് പറഞ്ഞു.

ഇപ്പോൾ സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. പക്ഷേ സാംസ്‌കാരികമായി സിന്ധ് എല്ലായിപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയിൽ അതിർത്തികൾ മാറിമറിയും. നാളെ സിന്ധ് ഇന്ത്യയിലേക്ക് മടങ്ങിയേക്കാം. സിന്ധു നദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധ് ജനത എപ്പോഴും നമ്മുടേതായിരിക്കും. എവിടെയായിരുന്നാലും അവർ എല്ലായിപ്പോഴും നമ്മുടേതായിരിക്കും എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സെപ്റ്റംബർ 22ന് മൊറോക്കോയിൽ ഇന്ത്യൻ സമൂഹവുമായി നടത്തിയ ഒരു സംവാദത്തിൽ ആക്രമണാത്മക നടപടികളില്ലാതെ തന്നെ പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. പാക് അധീന കശ്മീരിലെ ജനങ്ങൾ അധിനിവേശക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും അവരുടെ മുദ്രാവാക്യങ്ങൾ നമ്മൾ കേൾക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News