'ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് ഭീഷണി'; മണ്ഡല പുനര്‍നിര്‍ണയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ച് തമിഴ്‌നാട് സർവകക്ഷി യോഗം

1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ അതിർത്തി നിർണ്ണയ ചട്ടക്കൂട് അടുത്ത 30 വർഷത്തേക്ക് നിലനിർത്തണമെന്ന് സ്റ്റാലിൻ

Update: 2025-03-05 10:48 GMT
Editor : സനു ഹദീബ | By : Web Desk

ചെന്നൈ: ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തെ ഏകകണ്ഠമായി എതിർത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ച് തമിഴ്നാട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മണ്ഡല പുനഃനിർണയം തമിഴ്‌നാടിനെ ദുർബലപ്പെടുത്തുമെന്നും ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് ഭീഷണിയാകുമെന്നും പ്രമേയം വ്യക്തമാക്കി.

1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ അതിർത്തി നിർണ്ണയ ചട്ടക്കൂട് അടുത്ത 30 വർഷത്തേക്ക് നിലനിർത്തണമെന്ന് സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സെൻസസിലെ ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള അതിർത്തി നിർണ്ണയം തമിഴ്നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാതിനിധ്യ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

Advertising
Advertising

തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം , അഖിലേന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം, കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കച്ചി, നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ കക്ഷികൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. കമല്‍ ഹാസനും യോഗത്തിൽ പങ്കെടുത്തു. ഭാരതീയ ജനതാ പാർട്ടി , നാം തമിഴർ പാർട്ടി, തമിഴ് മണില കോൺഗ്രസ് എന്നിവ യോഗം ബഹിഷ്കരിച്ചു.

ദേശീയ താൽപ്പര്യം മുൻനിർത്തി ജനസംഖ്യാ നിയന്ത്രണ നടപടികൾ മുൻകൈയെടുത്ത് നടപ്പിലാക്കിയതിന്റെ പേരിൽ തമിഴ്‌നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പാർലമെന്ററി പ്രാതിനിധ്യം കുറയ്ക്കുന്നത് തികച്ചും ന്യായീകരിക്കാനാവാത്തതാണ്. കുറഞ്ഞത് മൂന്ന് പതിറ്റാണ്ടെങ്കിലും 1971 ലെ ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കിയുള്ള അതിർത്തി നിർണ്ണയം നിലനിർത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി (ജെഎസി) രൂപീകരിക്കാനും സർവകക്ഷി യോഗം തീരുമാനിച്ചു. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളെ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ ക്ഷണിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News