എൻഡിഎ ഭരണത്തിൽ ബിഹാറിന്റെ വികസനം രണ്ട് പതിറ്റാണ്ട് പിന്നോട്ട് പോയി: തേജസ്വി യാദവ്

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 'സീറ്റ് മോഷണം' നടന്നുവെന്നും തേജസ്വി പറഞ്ഞു

Update: 2025-09-24 16:55 GMT

പട്‌ന: ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ അതിന്റെ പരമോന്നതിയിലെത്തി. ക്രിമിനലുകൾ 'വിജയിയും സാമ്രാട്ടുമായി' മാറിയെന്നും തേജസ്വി പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരെ ഉദ്ദേശിച്ചായിരുന്നു തേജസ്വിയുടെ പരിഹാസം.

എൻഡിഎ ഭരണത്തിൽ ബിഹാറിന്റെ വികസനം രണ്ട് പതിറ്റാണ്ട് പിന്നോട്ട് പോയെന്ന് സമസ്തിപൂരിൽ ബിഹാർ അധികാർ യാത്രക്കിടെ മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു. നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും ഏറ്റവും ഉയർന്നു നിൽക്കുന്നത് ബിഹാറിലാണ്. കുറഞ്ഞ ആളോഹരി വരുമാനവും കുറഞ്ഞ നിക്ഷേപവും ഇവിടെ തന്നെയാണ്. സംസ്ഥാനത്ത് വ്യവസായങ്ങൾ കൊണ്ടുവരികയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും തേജസി യാദവ് പറഞ്ഞു.

Advertising
Advertising

ക്രമസമാധാനനില മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യാതെ ബിഹാറിൽ ഒരിക്കലും പുരോഗതിയുണ്ടാവില്ല. ബിസിനസ് സംരംഭങ്ങളും വ്യവസായങ്ങളും ബിഹാറിലില്ല. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാത്തതിനാൽ സംസ്ഥാനം വലിയ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിനും എല്ലാവർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുമാണ് തങ്ങൾ അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന നൽകുകയെന്നും തേജസ്വി പറഞ്ഞു.

2020ൽ വോട്ട് കുറഞ്ഞതുകൊണ്ടല്ല തങ്ങൾ പരാജയപ്പെട്ടതെന്നും തേജസ്വി യാദവ് പറഞ്ഞു. വോട്ട് മോഷണം പോലെ സീറ്റ് മോഷണമാണ് അന്ന് നടന്നത്. രാത്രിയിൽ പല തവണ വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. ജനങ്ങൾ ഇപ്പോൾ ഒരു മാറ്റത്തിന് അവരുടെ മനസ്സുകൊണ്ട് തയ്യാറായി കഴിഞ്ഞെന്നും തേജസ്വി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News