'മകരസംക്രാന്തി ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 30,000 രൂപ': ഒന്നാംഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി തേജസ്വി യാദവ്
താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് മുന്നൂറു രൂപയും ഗോതമ്പിന് ക്വിന്റലിന് നാനൂറുരൂപയും വീതം നല്‍കുമെന്നും തേജസ്വി യാദവ്
തേജസ്വി യാദവ് Photo-PTI
പറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായന തേജസ്വി യാദവ്.
അധികാരത്തിലെത്തിയാൽ അടുത്ത വർഷം ജനുവരിയിൽ സ്ത്രീകൾക്ക് 30,000 രൂപ വാർഷിക ധനസഹായം നൽകുമെന്നാണ് പ്രഖ്യാപനങ്ങളിലൊന്ന്. എൻഡിഎയുടെ 'മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന'യ്ക്കുള്ള മറുപടിയായാണ് തേജസ്വിയുടെ പ്രഖ്യാപനം. ഇതിനകം തന്നെ 1 കോടിയിലധികം സ്ത്രീകൾക്ക് സ്വന്തമായി ബിസിനസുകൾ ആരംഭിക്കുന്നതിനായി 10,000 രൂപ അക്കൗണ്ടുകളിലേക്ക് എന്‍ഡിഎ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
'മകരസംക്രാന്തി' ദിനത്തിൽ (ജനുവരി 14) 'മയി ബഹിൻ മാൻ യോജന' പ്രകാരം സ്ത്രീകൾക്ക് 30,000 രൂപ നൽകുമെന്നാണ് തേജസ്വിയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച പ്രതിപക്ഷം പുറത്തിറക്കിയ പ്രകടന പത്രിക പ്രകാരം, ഡിസംബർ 1 മുതൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായവും അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 30,000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഇതാണിപ്പോള്‍ ഒറ്റയടിക്ക് നല്‍കുമെന്ന് തേജസ്വി യാദവ് പറയുന്നത്.
സഖ്യം അധികാരത്തിലെത്തുന്ന പക്ഷം താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് മുന്നൂറുരൂപയും ഗോതമ്പിന് ക്വിന്റലിന് നാനൂറുരൂപയും വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പിലാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 ന് വോട്ടെണ്ണും.